ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: പ്രാര്‍ത്ഥാനാസ്തുതി ഗീതങ്ങളുടെയും ആത്മീയ അനുഷ്ഠാനങ്ങളുടെയും നിറവില്‍ പ്രസിദ്ധമായ നോട്ടിംഗ്ഹാം തിരുനാള്‍ ഭക്തിസാന്ദ്രമായി. രാവിലെ 10 മണിക്ക് ലെന്റന്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് പള്ളി വികാരി റവ. ഫാ. ഡേവിഡ് പാല്‍മര്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പ്രസുദേന്തി വാഴ്ച്ചയ്ക്കും വി. അല്‍ഫോണ്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം നടന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ക്ലിഫ്റ്റണ്‍ കോര്‍പ്പസ് ക്രിസ്തി ഇടവക വികാരി റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സന്തോഷ് വാഴപ്പള്ളി വചനസന്ദേശം നല്‍കി.

ദൈവത്തെ തൊട്ടവരും ദൈവം തൊടുന്നവരുമാണ് അനുഗ്രഹീതര്‍. തോമാശ്ലീഹാ ഈശോയുടെ തിരുമുറിവില്‍ തൊടാന്‍ ആഗ്രഹിച്ചു, എന്നാല്‍ വി. അല്‍ഫോണ്‍സാമ്മയെ അവളുടെ സഹനത്തിലൂടെ ദൈവം തൊട്ടു. വി. കുര്‍ബാനയില്‍ തോമാശ്ലീഹായെപ്പോലെ നാം ഈശോയെ തൊടുമ്പോള്‍ നമ്മുടെ ജീവിത ക്ലേശങ്ങളിലൂടെ വി. അന്‍ഫോണ്‍സാമ്മയെപ്പോലെ ദൈവം നമ്മളെയും തൊടുമെന്ന് വചനസന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

വി. കുര്‍ബ്ബാനയുടെ സമാപനത്തില്‍ ലദീഞ്ഞ് പ്രാര്‍ത്ഥനയും ഭക്തി നിര്‍ഭയമായ പ്രദക്ഷിണവും നടന്നു. സമാപന ആസ്ലീര്‍ന്മാദത്തിന് ശേഷം ചെണ്ടമേള പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നിലും പങ്കുചേര്‍ന്നാണ് വിശ്വാസികള്‍ പിരിഞ്ഞത്. അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ ഭക്തിപൂര്‍വ്വം തിരുനാളില്‍ പങ്കുചേര്‍ന്നു.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വികാരി റവ. ഫാ. ബിജുകുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, പ്രസുദേന്തിമാര്‍, മാതാധ്യാപകര്‍, ആള്‍ത്താരശ്രുശൂഷികള്‍, ഗായകസംഘം, വിമണ്‍സ് ഫോറം, വളണ്ടിയേര്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.