സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി വയനാട്ടില്‍ നിന്നും ഒരു ആദിവാസി പെണ്‍കുട്ടി. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയത്. കുറിച്യ വിഭാഗത്തില്‍ നിന്നും ഐഎഎസ് നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.

മകള്‍ക്ക് ഐഎഎസ് കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രീധന്യയുടെ അമ്മ കമല പറഞ്ഞു. വയനാട്ടിലെ ഓല മേഞ്ഞ കൂരയില്‍ നിന്ന് ഐഎഎസ് വരെ ശ്രീധന്യയെത്തിയത് വളരെയധികം കഷ്ടപ്പെട്ടാണെന്നും അമ്മ കമല. ശ്രീധന്യയുടെ വീട്ടിലേക്ക് അഭിനന്ദനപ്രവാഹവുമായി നാട്ടുകാര്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്.

ശ്രീധന്യയെ കൂടാതെ ആര്‍ വിജയലക്ഷ്മി (29), രഞ്ജിനാ മേരി വര്‍ഗ്ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഐഐടി ബോബംബെയില്‍ നിന്ന് കന്യൂട്ടര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ബിരുദം നേടിയ കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.

ആദ്യ 25 റാങ്കുകാരില്‍ 15 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. 759 പേര്‍ നിയമനയോഗ്യത നേടി. ഇവരില്‍ 577 പുരുഷന്മാരും 182 പേര്‍ സ്ത്രീകളുമാണ്.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്ത് ലക്ഷത്തോളം പേര്‍ എഴുതിയിരുന്നു.

ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ശ്രീധന്യയ്ക്ക് അഭിനന്ദനം അറിയിച്ചു.
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍.

ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍-മുഖ്യമന്ത്രി കുറിച്ചു.