തിരുവനന്തപുരം: അനുജന്റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം തുടരും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്ത് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ആറരയോടെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയും സഹോദരിയും സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ രണ്ട് പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണം തുടങ്ങുന്നത് വരെ നിരാഹാര സമരം തുടരും. സി.ബി.ഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് വന്നു കഴിഞ്ഞാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉറപ്പുനല്‍കിയിരുന്നു. എം.പിമാരായ കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

ഇതിനിടെ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സി.ബി.ഐ അന്വേഷണത്തിനുള്ള പിന്തുണ നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. 2014 മുതലുള്ള മുഴുവന്‍ രേഖകളും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

2014 മെയ് 21നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ അറസ്റ്റ് ചെയ്ത പോലീസ് മര്‍ദ്ദിച്ചും വിഷം കൊടുത്തും സഹോദരനെ കൊലപ്പെടുത്തിയെന്നാണ് ശ്രീജിത്തിന്റെ ആരോപണം. പോലീസ് കംപ്ലെയ്ന്‍്‌സ് അതോറിറ്റിയും ഇക്കാര്യം കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പോലീസിന്റെ പ്രതികാര നടപടിയിലേക്ക് നയിച്ചത്.