ശ്രീശാന്തിന് തിരിച്ചടി; ആജീവാനന്ത വിലക്ക് തുടരും; ബിസിസിഐയുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു

ശ്രീശാന്തിന് തിരിച്ചടി; ആജീവാനന്ത വിലക്ക് തുടരും; ബിസിസിഐയുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു
October 17 19:43 2017 Print This Article

കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്.
അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു.

ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്.

വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.

പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles