പ്രിയതാരം ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ എത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനം. ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്.

അതേസമയം, പ്രിയനായികയുടെ മൃതദേഹം ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ മുന്നില്‍ വലിയൊരു നിര ഇതിനകം തന്നെ നിരന്നുകഴിഞ്ഞു. പൊതുദര്‍ശനത്തിനു ശേഷം ഇവിടെ അനുശോചന സമ്മേളനവും നടത്തും. രണ്ടോടെ വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബൈയിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശ്രീദേവിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണു ദുബൈ് അധികൃതര്‍ വിട്ടുകൊടുത്തത്.

മരണം സംബന്ധിച്ച കേസന്വേഷണവും ദുബൈ പൊലീസ് അവസാനിപ്പിച്ചു. അബോധാവസ്ഥയിലായതിനെത്തുടര്‍ന്നു ബാത് ടബില്‍ മുങ്ങിയാണു നടിയുടെ മരണമെന്നാണു ഫൊറന്‍സിക് റിപ്പോര്‍ട്ട്.