ഷിബു മാത്യൂ
ബര്‍മ്മിംഗ്ഹാം. കലയും സാഹിത്യവും സംസ്‌ക്കാരവും പുതിയ തലമുറയിലും തനിമ നഷ്ടപ്പെടുത്താതെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍. വി. കുറുപ്പ് ഭദ്രദീപം തെളിയ്ച്ചനുഗ്രഹിച്ച മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷീകാഘോഷം പതിവിലും വിപരീതമായ ആഘോഷ പരിപാടികളോടെ ഏപ്രില്‍ 29ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കും.

പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി. കെ. ആര്‍. മീര മുഖ്യ അതിഥിയായി എത്തുന്ന ആഘോഷ പരിപാടികളില്‍ ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതനൃത്തനാടകോത്സവമായിരിക്കും ഇത്തവണ കാണികള്‍ക്കായി ഒരുക്കുന്നത്.

ഏപ്രില്‍ 29 ശനിയാഴ്ച ബര്‍മ്മിംഗ്ഹാം ഡഡ്‌ളിയിലെ സ്ടൂര്‍ ബ്രിഡ്ജ് ടൗണ്‍ ഹാളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് പതിമൂന്നാമത് വാര്‍ഷീകാഘോഷത്തിന് തിരശ്ശീല ഉയരും. ഓ. എന്‍. വി Captureയുടെ കവിതയില്‍ ജന്മമെടുത്ത ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷീകാഘോഷം, അദ്ദേഹത്തിന്റെ തന്നെ ഇലത്താളം തിമില മദ്ദളം എന്ന കവിത ശ്രുതിയിലെ കുട്ടികള്‍ നൃത്തരൂപത്തിലാക്കി കാണികള്‍ക്ക് സ്വാഗതമരുളുന്നതോടുകൂടി ആലോഷങ്ങള്‍ക്ക് തുടക്കമാകും.

വാര്‍ഷീക ആഘോഷ ചടങ്ങുകളുടെ വിശിഷ്ടാതിഥി ശ്രീമതി. കെ. ആര്‍. മീരയ്ക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്ത ‘ആരാച്ചാര്‍ ‘ എന്ന നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം ശ്രുതിയിലെ കലാപ്രതിഭകള്‍ ശ്രീമതി. കെ. ആര്‍. മീരയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കുന്നു എന്നത് ആഘോഷ പരിപാടികളെ കൂടുതല്‍ ശ്രദ്ധേയമാക്കും. കൂടാതെ ശ്രുതിയും ശ്രീമതി. കെ. ആര്‍. മീരയും തമ്മിലുള്ള മുഖാമുഖം നടക്കും. യുവതലമുറയിലെ കലയും സാഹിത്യവും സംഗീതവും നൃത്തവുമൊകെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുകൊണ്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ശ്രുതിയുടെ പ്രതിനിധി ശ്രീ. അനില്‍ തോമസ് മലയാളം യു കെ യോട് പറഞ്ഞു.

പതിമൂന്നാമത് വാര്‍ഷീക ആലോഷങ്ങള്‍ ഭംഗിയാക്കുവാനുള്ള തീവ്രശ്രമത്തിലാണ് ശ്രുതിയിലെ കലാകാരന്മാരും കലാകാരികളും. കഴിഞ്ഞ വര്‍ഷം ന്യൂകാസിലില്‍വെച്ചു നടന്ന പന്ത്രണ്ടാമത് ആഘോഷത്തേക്കാള്‍ ഗംഭീരമായിരിക്കും ബര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പതിമൂന്നാമത് വാര്‍ഷികാഘോഷമെന്ന് ശ്രുതി അവകാശപ്പെടുന്നു. കാത്തിരിക്കാം വെറും മുപ്പത്തൊമ്പത് ദിനങ്ങള്‍…