ബ്രിട്ടിനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചിന് നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ

Fr. Mathew Mulayolil

യോഗത്തിനായി പുറത്തുപോയ അവസരത്തിലാണ് ദേവലയക്കിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതില്‍ തകര്‍ത്ത അക്രമികള്‍ ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് തടച്ചുകൂടി.

ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിയുടെ പരാതിയേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അര്‍ധരാത്രിയിലും തെളിവെടുപ്പുകളും മറ്റു നടപടിക്രമങ്ങളും തുടരുകയാണ്. നേരം വൈകിയും നൂറ് കണക്കിന് വരുന്ന വിശ്വാസികള്‍ പള്ളി പരിസരത്ത് തന്നെ തുടരുന്നത് പോലീസ് ശക്തമായ നടപടി സ്വീകരിക്കാന്‍ കാരണമായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അക്രമികളെ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിലും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ അക്രമികള്‍ക്ക് എതിരെ സാക്ഷിമൊഴികളുമായി ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും പലരും മുന്നോട്ട് വന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയം സീറോമലബാര്‍ സഭയുടെ കൈവശമാണ്. ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ വിശ്വാസതീഷ്ണത അടുത്തറിഞ്ഞ ലീഡ്‌സ് രൂപതയാണ് സെന്റ് വില്‍ഫ്രഡ് ചര്‍ച്ച് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി വിട്ടുനല്‍കിയത്. വിവിധ ആരാധനാ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സഭാ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തി ബ്രിട്ടനില്‍ മൊത്തത്തില്‍ മാതൃകയായതാണ് ലീഡ്‌സിലെ സീറോ മലബാര്‍ സഭ. എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയുള്ള ദേവാലയത്തിലെ വേദപഠനവും ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. യു.കെയിലെമ്പാടും ശ്രദ്ധിക്കപ്പെട്ട ദേവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ലീഡ്‌സിലും പരിസരങ്ങളിലുമുള്ള വിശ്വാസികള്‍ അഭിമാനമായാണ് കൊണ്ടുനടന്നിരുന്നത്. അതുകൊണ്ടു തന്നെ ദേവാലയത്തിന് നേരെ നടന്ന അതിക്രമം വിശ്വാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.