ബിനോയി ജോസഫ്

കണ്ണുകളിൽ വിസ്മയം വിരിയിക്കുന്ന കരവിരുതുമായി.. ഭാവനയും സർഗാത്മകതയും  വിരൽതുമ്പിൽ അത്ഭുതമാകുമ്പോൾ.. നിറക്കൂട്ടുകളുടെ ലോകത്ത് ഹൃദയങ്ങളെ സാന്ദ്രമാക്കാൻ.. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന.. യുകെയുടെ സ്വന്തം സ്റ്റാൻലി ചേട്ടൻ. യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത്  ഉന്മേഷത്തോടെ ഓടി നടക്കുന്ന ജന സ്നേഹിയായ തിരുത്തൽവാദി.. വിലയിരുത്തലും വിമർശനങ്ങളും ഈ ഡെർബിക്കാരന് ജീവിതത്തിൻറെ ഭാഗം തന്നെ.. ലോകമെമ്പാടും സുഹൃദ് വലയം.. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം.. നന്മയെ ഉൾക്കൊള്ളാനും തിന്മയെ തമസ്കരിക്കാനുള്ള നിശ്ചയ ദാർഡ്യം സ്റ്റാൻലി ചേട്ടന് എന്നും കരുത്ത് പകരുന്നു..

യുകെയിലേക്ക് കുടിയേറിയത് 2003 ൽ പ്രിയ പത്നി എത്സി തോമസുമൊത്ത്. ഡെർബി റോയൽ ഹോസ്പിറ്റലിൽ നഴ്സ് ആണ് എത്സി തോമസ്. കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വൈൻ സ്റ്റാൻലി എന്നിവർ മക്കൾ.  ഇവർ എല്ലാവരും യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.   ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്‌. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്.

ഫ്ലവർ ഡെക്കറേഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു സ്റ്റാൻലി തോമസ്‌. ഫ്രൂട്ടുകൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ളേ ഒരുക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. വിവാഹ, ആദ്യകുർബാന, ബർത്ത്ഡേ, കോർപറേറ്റ് ഇവൻറുകൾ എന്നിവയിൽ നിരവധി തവണ ജനങ്ങളുടെ പ്രശംസയ്ക്ക് സ്റ്റാൻലി തോമസ് അർഹനായി. യുകെയിലെ റ്റാന്റൺ ഫ്ളവർ ഷോയിൽ ലൈവ് ഫ്ളവർ അറേഞ്ച്മെൻറിൽ ഇരുനൂറിലേറെ ഫ്ളോറിസ്റ്റുകളുടെ മുൻപിൽ ജഡ്ജസിൻറെ പ്രശംസ നേടിയത് സ്റ്റാൻലി തോമസ് സന്തോഷത്തോടെ ഓർക്കുന്നു. അദ്ദേഹത്തിന് ഇതൊരു ബിസിനസല്ല, കർമ്മ സായൂജ്യമാണ്. ഇന്ത്യയിൽ ഇൻഷുറൻസ് സെക്ടറിൽ ഓഫീസറായി ജോലി ചെയ്തിരുന്ന സ്റ്റാൻലി ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആണ്.

കൊച്ചുനാൾ മുതൽ തന്നെ കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സ്റ്റാൻലി ഇവന്റ് ആങ്കറിംഗ്, നാടക സംവിധാനം, ഏകാങ്ക നാടകാഭിനയം, കോറിയോഗ്രഫി എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിച്ച സ്റ്റാൻലി തോമസ് മലയാള ഭാഷയെയും സംഗീതത്തെയും അത്യധികം സ്നേഹിക്കുന്നു. ഒ.എൻ.വിയും തായാട്ട് ശങ്കരനും ഹമീദ് ചേന്നമംഗലൂരും തൻറെ ഗുരുക്കന്മാരായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. ഫോട്ടോഗ്രഫിയും ഇദ്ദേഹം ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. ഇടക്കാലത്ത് സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് സ്റ്റാൻലി. ‘മരിക്കുന്നില്ല ഞാൻ’ എന്ന സിനിമയുടെ കോ- പ്രൊഡ്യൂസർ ആയിരുന്ന സ്റ്റാൻലി തോമസ് ആ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.