കുടിയേറ്റ തൊഴിലാളികളുടെ വീട്ടുവാടക അടയ്ക്കുന്നത് അടക്കമുള്ള സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു തരാമെന്നും അവര്‍ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പിന്തിരിയണമെന്നും അപേക്ഷിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തൊഴിലില്ലാതായതോടെ പട്ടിണിയിലാകുമെന്ന സ്ഥിതിയായപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകുകയാണ്. ഇവര്‍ കിലോമീറ്ററുകളോളം നടന്ന് സ്വന്തം നാട് പിടിക്കാന്‍ ശ്രമം തുടങ്ങിയതോടെ സര്‍ക്കാരിന് പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കേണ്ടി വന്നു.കൊറോണ വൈറസ് നിലവില്‍ ഗ്രാമങ്ങളിലേക്ക് എത്തിയിട്ടില്ല. കുടിയേറ്റ തൊഴിലാളികളിലൂടെ വൈറസ് ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

തൊഴിലാളികള്‍ തങ്ങളെക്കുറിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചും ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എവിടെയാണോ ഉള്ളത്, അവിടെ തങ്ങുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ ഓര്‍മിപ്പിച്ചു. ഇത് അനുസരിച്ചില്ലെങ്കില്‍ രാജ്യം വലിയ ദുരന്തത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പല തൊഴിലാളികളും പറയുന്നത് തങ്ങളെ വീട്ടുടമകള്‍ പുറത്താക്കിയെന്നാണ്. ഈ പ്രശ്നത്തെ പരിഹരിക്കാനാണ് വാടക കൊടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളോട് വീട്ടുവാടക ചോദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുവാടക ചോദിക്കുന്നവര്‍ക്കും വീടൊഴിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്കൂളുകളില്‍ ഉറങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹി നഗരത്തില്‍ പത്ത് കമ്മ്യൂണിറ്റി കിച്ചനുകള്‍ തുറന്നിട്ടുണ്ട്. ഓരോ ദിവസവും ഭക്ഷണത്തിന്റെ മെനു മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഉയര്‍ന്ന വൃത്തി പാലിച്ചാണ് ഭക്ഷണമുണ്ടാക്കുന്നത്.