ലണ്ടന്‍: ലോകാവസാനത്തേക്കുറിച്ചും മനുഷ്യവംശത്തിന്റെ നാശത്തേക്കുറിച്ചും ഒട്ടേറെ സിദ്ധാന്തങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ പ്രമുഖരായ ശാസ്ത്രജ്ഞര്‍ ഇതിനേക്കുറിച്ച് എന്താണ് പറയുന്നത് എന്നറിയാന്‍ ശാസ്ത്രകുതുകികള്‍ എക്കാലവും ഉറ്റുനോക്കിയിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തിലെ അജ്ഞാത ശക്തികളെക്കുറിച്ചുമൊക്കെ പഠനം നടത്തിയിട്ടുള്ള സ്റ്റീഫന്‍ ഹോക്കിംഗ് ഇതേക്കുറിച്ച് എന്തായിരിക്കും പറഞ്ഞിട്ടുള്ളതെന്ന് അറിയാന്‍ ശാസ്ത്രലോകത്തിനും താല്‍പര്യമുണ്ട്. ലോകാവസാനത്തെക്കുറിച്ചും മനുഷ്യരാശിയുടെ അന്ത്യത്തെക്കുറിച്ചുമുള്ള പഠനം ഹോക്കിംഗ്‌സ് പൂര്‍ത്തിയാക്കിയത് തന്റെ മരണത്തിന് രണ്ടാഴ്ച മുമ്പ് മാത്രമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബിഗ് ബാംഗിലൂടെയുണ്ടായ പ്രപഞ്ചങ്ങളില്‍ ഒന്ന് മാത്രമാണ് നമ്മുടേതെന്നും ‘മള്‍ട്ടിവേഴ്‌സിന്’ അഥവാ അനേക പ്രപഞ്ചങ്ങള്‍ക്കുള്ള തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ ഹോക്കിംഗ് വ്യക്തമാക്കുന്നു. മറ്റ് പ്രപഞ്ചങ്ങളെ കണ്ടെത്താന്‍ സ്‌പേസ്ഷിപ്പുകളില്‍ ഡിറ്റക്ടറുകള്‍ ഘടിപ്പിച്ച് പഠനങ്ങള്‍ നടത്തണമെന്നും ഹോക്കിംഗ് ആവശ്യപ്പെടുന്നു. അദ്ദേഹം ജീവിച്ചിരിക്കെ ഈ സിദ്ധാന്തം തെളിയിക്കപ്പെടുകയായിരുന്നെങ്കില്‍ ഉറപ്പായും നൊബേല്‍ പുരസ്‌കാരം ഹോക്കിംഗിനെ തേടിയെത്തുമായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പല തവണ നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും ഹോക്കിംഗിന് ഒരിക്കല്‍ പോലും അത് ലഭിച്ചിട്ടില്ലെന്ന് സഹ ഗവേഷകനും എഴുത്തുകാരനുമായ തോമസ് ഹെര്‍ടോഗ് പറയുന്നു.

എ സ്മൂത്ത് എക്‌സിറ്റ് ഫ്രം എക്‌സ്റ്റേണര്‍ ഇന്‍ഫ്‌ളേഷന്‍ എന്ന പേരിലാണ് ഹോക്കിംഗ് തന്റെ ഉപന്യാസം തയ്യാറാക്കിയിരിക്കുന്നത്. പ്രപഞ്ചം ക്രമാനുഗതമായി വികസിക്കുകയും അത് പിന്നീട് സാവധാനത്തിലാകുകയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഊര്‍ജ്ജ സ്രോതസുകള്‍ ഇല്ലാതായി ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടായിരിക്കും ഭൂമിയുടെ അന്ത്യം തുടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോസ്‌മോളജി ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല. എങ്ങനെയാണ് ഹോക്കിംഗ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.നീല്‍ ടുറോക്ക് പറയുന്നു.