ലണ്ടന്‍: യുകെയെ വിറപ്പിച്ചുകൊണ്ട് കരോളിന്‍ ചുഴലിക്കാറ്റ് ഇന്ന് ആഞ്ഞടിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ യുകരെ നാഷണല്‍ ഒബ്‌സര്‍വേറ്ററി നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ ആംബര്‍ വിന്‍ഡ് വാണിംഗ് നല്‍കിയിരിക്കുകയാണ്. സതേണ്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും യെല്ലോ വാണിംഗും നല്‍കിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ചയോടെ സതേണ്‍ ഇംഗ്ലണ്ടിലേക്ക് വ്യാപിപ്പിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. 2017-2018 വിന്റര്‍ സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് കരോളിന്‍.

നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ 70 മുതല്‍ 80 മൈല്‍ വരെ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 6 മണിയോടെ ഇത് കരതൊടുമെന്നാണ് വിവരം. ഈയവസരത്തില്‍ കാറ്റിന്റെ വേഗത 90 മൈല്‍ വരെയാകാന്‍ സാധ്യതയുണ്ട്. കാറ്റില്‍ പല വസ്തുക്കളും പറന്നു നടക്കാന്‍ സാധ്യതയുണ്ടെന്നും അവ ജീവാപായത്തിനു പോലും കാരണമായേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാകാമെന്നും മേച്ചില്‍ ഓടുകള്‍ പറന്നുപോയേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.

റോഡുകള്‍ അടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ താമസിച്ചേക്കാം. റെയില്‍, ഫെറി സര്‍വീസുകളും വിമാന സര്‍വീസുകളും റദ്ദാക്കാനും ഇടയുണ്ട്. പവര്‍കട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കടലില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് നോര്‍ത്ത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ 10 മുതല്‍ 20 സെ.മീ.വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.