VG.വാസ്സന്‍.

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികള്‍
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെണ്‍കൊടികള്‍ വേലിക്കെട്ടുകള്‍ ഇല്ലാതെ
പൂവാടികളില്‍ പാറിനടന്ന കാലം
കൗമാരമെത്തിയാല്‍
പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന്
പാട്ടുകള്‍ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.

അക്കാലത്ത്
ഭൂമിയുടെ ഒരറ്റത്ത് ഒരു സുന്ദര രാജ്യമുണ്ടായിരുന്നു .അവിടുത്തെ രാജകുമാരിയുടെ സൗന്ദര്യം ലോകമാകെ പരന്നു
ആ കന്യകയെ സ്വന്തമാക്കാന്‍
രാജാക്കന്മാരും ചക്രവര്‍ത്തിമാരും
നോമ്പ് നോറ്റ് കാത്തിരുന്നു

രാജകുമാരി ഇതൊന്നും ശ്രദ്ധിക്കാതെ
തോഴിമാരോടൊപ്പം ദേശസഞ്ചാരം ചെയ്തുകൊണ്ടിരുന്നു
പഴങ്ങളും തേനും പൂവിതളും ഭക്ഷിച്ച്
അനുദിനം കുമാരിയുടെ സൗന്ദര്യം
വര്‍ദ്ധിച്ചു കൊണ്ടിരുന്നു
അവരങ്ങനെ യാത്രചെയ്ത്
ആ മനോഹരമായ കടല്‍ക്കരയിലെത്തി.

കടലിനുള്ളിലേക്ക് കര കയറി നില്‍ക്കുന്ന
കടലില്‍ ചെറിയൊരു മല ഉയര്‍ന്നു നില്‍ക്കുന്ന
അവിടം വിട്ട് പോകാന്‍ രാജകുമാരി കൂട്ടാക്കിയില്ല,
കടലില്‍ കണ്ട പാറയിലേക്ക് പോകാന്‍
കുമാരിക്ക് മോഹമോദിച്ചൂ
അവള്‍ വെള്ളത്തില്‍ കാലുവച്ചതും
തണുപ്പ് കൊണ്ട്
തുള്ളിച്ചാടി കരയ്ക്ക് കയറി
തോഴിമാര്‍ അവളെ കളിയാക്കി
പുഴയിലും തടാകത്തിലും മാത്രമേ
മനുഷ്യരിറങ്ങൂ വരൂ കുമാരീ
നമുക്ക് തിരിച്ചു പോകാം.

തോഴികള്‍ കളിയാക്കിയതില്‍ മനം നൊന്ത്
രാജകുമാരി ശപഥം ചെയ്തു,

എനിക്ക് നീന്താന്‍ പറ്റും വിധം
കടല്‍ ചൂടാക്കിത്തരാന്‍ വേണ്ടി
ഞാന്‍ സൂര്യ ഭഗവാനെ തപസ്സു ചെയ്യാന്‍ പോവുകയാണ്
ഇല്ലെങ്കില്‍ ഈ കടലില്‍ തപസ്സിരുന്ന് ഞാന്‍ മരിക്കും.

കഴുത്തൊപ്പം വെള്ളത്തില്‍
ഇറങ്ങിയിരുന്ന് കുമാരി
കഠിന തപസ്സ് ആരംഭിച്ചു

സൂര്യന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
ഏതോ ബാലികയുടെ ചാപല്യമായി
ആ കാഴ്ച തള്ളിക്കളഞ്ഞു
പക്ഷെ ഒരിക്കല്‍സൂര്യ ഭഗവാന്‍ നോക്കുമ്പോള്‍
മരവിച്ച മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന
രാജകുമാരിയെ ആണ് കണ്ടത്
അദ്ദേഹം വേഗം കടലിലിറങ്ങി
രാജകുമാരിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

കടല്‍ വെള്ളത്തിന് ചൂട് ഉണ്ടാകാന്‍ തുടങ്ങി
നിനക്ക് എന്ത് വരമാണ് വേണ്ടത്
എന്ന് ചോദിക്കാന്‍ കുമാരിയുടെ അടുത്തെത്തിയ സൂര്യന്‍
അവളുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി.

ഒറ്റ നോട്ടത്തില്‍ കത്തിജ്വലിച്ച
പ്രണയ പാരവശ്യത്താല്‍
അവളെ കോരിയെടുത്ത് സൂര്യന്‍
കടലില്‍ ആനന്ദനീന്തോത്സവം നടത്തി
ആദ്യ പുരുഷ സ്പര്‍ശത്തില്‍
അവള്‍
ഒരു സ്വര്‍ണ്ണ മീന്‍ പോലെ
പിടഞ്ഞു പുളഞ്ഞു

അവരുടെ പ്രണയ സംഗമം
കടലിലാകെ ഉന്മാദത്തിരമാലകള്‍ സൃഷ്ടിച്ചു
സൂര്യഭഗവാന്റെ രാസക്രീഡ
നാളുകള്‍ നീണ്ടുനിന്നു

ലോകം മുഴുവന്‍ ഇരുട്ടിലായി
കടലില്‍ ചൂട് വര്‍ദ്ധിച്ചു വന്നു
മത്സ്യങ്ങളെല്ലം ചത്തുപോകുമോ എന്ന് ഭയന്നു
അവര്‍ ദേവലോകത്തെത്തി സങ്കടമുണര്‍ത്തിച്ചു,

ദേവലോകമാകെ പരിഭ്രാന്തിയിലായി
ദേവന്മാര്‍ ഭൂമിയിലേക്ക് നോക്കി
വൃക്ഷലലാതികളെല്ലാം
സൂര്യപ്രകാശം ഇല്ലാതെ തളര്‍ന്ന്
മരിക്കാറായിരിക്കുന്നു.
ഇലകളില്ലാതായാല്‍ ജീവവായു ഇല്ലാതെ
ജന്തുജാലങ്ങള്‍ ഭൂമിയിലില്ലാതാകും
ഉടനെ എന്തെങ്കിലും ചെയ്യണം

ദേവലോക പ്രതിനിധികള്‍ കടല്‍ക്കരയിലെത്തി
സൂര്യനോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു

കുമാരിയുമായി വേര്‍പിരിയാനാവില്ല എന്ന് ആണയിട്ട സൂര്യ ഭഗവാനോട് പറഞ്ഞാല്‍ ഫലമില്ല എന്ന് മനസ്സിലായ ദേവന്മാര്‍
കുമാരിയുടെ സഹായം തേടി

ലോകം നശിക്കുമെന്നും
പൂക്കളും പൂവാടികളും ഇനിയുണ്ടാകില്ല
എന്നുമറിഞ്ഞ രാജകുമാരി
ദുഖിതയായി
സൂര്യനെ പിരിയാന്‍ കുമാരിക്ക്
ഒട്ടും മനസ്സുമുണ്ടായില്ല

അവള്‍ പറഞ്ഞു
അങ്ങ് കുറച്ചു സമയത്തേക്ക്
ദേവന്മാര്‍ക്കൊപ്പം പോയിട്ട് വരൂ
ഞാന്‍ എന്നിലെ പ്രണയം നിറച്ച്
ഇവിടെ കാത്തിരുന്നു കൊള്ളാം

പക്ഷെ അങ്ങ് കൈ വിട്ടാല്‍ ഞാന്‍
മുങ്ങിത്താണ് മരിച്ചുപോകുമല്ലോ
തന്നെയുമല്ല
അവിടുത്തെ കാണാതെ ഒരു നിമിഷം
ജീവിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല

സൂര്യ ഭഗവാന്‍ അവളുടെ
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തില്‍ സന്തുഷ്ടനായി
ഇങ്ങനെ അനുഗ്രഹിച്ചു

നിനക്ക് ഈ കടലില്‍ യഥേഷ്ടം നീന്തി നടക്കാന്‍
അരമുതല്‍ താഴേയ്ക്ക്
മത്സ്യരൂപ സൗന്ദര്യം ഉണ്ടാകട്ടെ

നിനക്ക് കാണാനാവും വിധം
ഇവിടെ നിന്ന് ഞാന്‍ യാത്രയായി
ഇവിടെത്തന്നെ തിരിച്ചെത്തുന്നതായിരിക്കും
നിന്റെ ഓര്‍മ്മയ്ക്കായി
ഇവിടം
കന്യാകുമാരി
എന്നറിയപ്പെടും

ഇങ്ങനെ അനുഗ്രഹിച്ച് സൂര്യഭഗവാന്‍
ദേവന്മാരോടൊപ്പം യാത്രയായി

മത്സ്യ കന്യകയായ കുമാരി
കടലിലേക്ക് ഊളിയിട്ടു
തങ്ങള്‍ക്ക് റാണിയെയും
ജീവനും കിട്ടിയ സന്തോഷത്തില്‍
മത്സ്യങ്ങള്‍
സമുദ്രോത്സവം കൊണ്ടാടി

VG.വാസ്സന്‍.