നടുവ് നിവര്‍ത്തി, മുട്ടുകള്‍ വളച്ചു വേണം ഭാരമുയര്‍ത്താന്‍ എന്ന നിര്‍ദേശം അശാസ്ത്രീയമെന്ന് ശാസ്ത്രജ്ഞര്‍. എന്‍എച്ച്എസ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിനെതിരെയാണ് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. നടുവ് വളച്ചു കൊണ്ട് ഭാരമുയര്‍ത്തരുതെന്നാണ് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നത്. ഇത് പുനരവലോകനം ചെയ്യണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. നടുവ് വളച്ചുകൊണ്ട് ഭാരമുയര്‍ത്തുന്നതാണ് കൂടുതല്‍ ഫലപ്രദമാകുകയെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ ജേര്‍ണല്‍ ഓഫ് പെയിനില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫോറസ്ട്രി തൊഴിലാളികളില്‍ നടത്തിയ ഒരു പഠനത്തില്‍ നടുവ് നിവര്‍ത്തി ഭാരമെടുക്കുന്നവര്‍ക്ക് നടുവ് വളച്ച് ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്ന് കണ്ടെത്തി. ഈ രണ്ടു രീതികളിലും ഭാരമുയര്‍ത്തുമ്പോള്‍ നട്ടെല്ലിന് ചെയ്യേണ്ടി വരുന്ന ജോലിയില്‍ കാര്യമായ വ്യത്യാസവും ഇല്ല. എന്നാല്‍ ഏറ്റവും സുരക്ഷിതമായ രീതിയെന്ന പേരില്‍ രാജ്യത്തെ തൊഴിലാൡളെ പരിശീലിപ്പിക്കുന്നത് നടുവ് നിവര്‍ത്തിയുള്ള രീതിയാണ്. എന്‍എച്ച്എസ് വെബ്‌സൈറ്റും ഇതേ നിര്‍ദേശം തന്നെയാണ് നല്‍കുന്നത്.

എന്നാല്‍ നടുവ് വളച്ചുകൊണ്ടുള്ള പ്രവൃത്തി നടുവ് വേദന കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയയിലെ കേര്‍ട്ടിസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇതിന് പിന്‍പറ്റി അബര്‍ദീന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് ലഭിച്ചത്. ഭാരമെടുക്കാന്‍ ഓരോ വ്യക്തിയും അവരുടെ ശാരീരികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള രീതി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്നും പഠനം പറയുന്നു.