മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. മൂന്നുമാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.

ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്. വിമാനങ്ങളില്‍നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കവും പൂര്‍ണമായും സ്തംഭിച്ചു.

രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍, ഒരു ഇന്‍ഡിഗോ വിമാനം, ജെറ്റ് എയര്‍വേസ് എന്നീ വിമാനങ്ങളാണ് താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഷാര്‍ജയില്‍നിന്നും അബുദാബിയില്‍നിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.

ആയിരത്തിലധികം യാത്രക്കാര്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധികൃതര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്നും ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.