ജെഗി ജോസഫ്

ആഘോഷങ്ങള്‍ ഒത്തൊരുമിക്കാനുള്ള വേദി കൂടിയാക്കി മാറ്റിക്കൊണ്ട് എസ്ടിഎസ്എംസിസി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ നാളെ ഗ്രീന്‍വേ സെന്ററില്‍ അരങ്ങേറും. യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ എസ്ടിഎംസിസി യുടെ 16-ാമത് ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാമാണ് ഈ വര്‍ഷം ഗ്രീന്‍വേ സെന്ററില്‍ നടക്കുന്നത്. എസ്ടിഎംസിസി യുടെ 15 ഫാമിലി യൂണിറ്റുകള്‍ ഒന്ന് ചേര്‍ന്നാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ മനസ്സുകളില്‍ പ്രതീക്ഷയുടെ തിരിനാളം കൊളുത്തിയ ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പം ഇന്നില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പുതുവര്‍ഷത്തെ കൂടി വരവേറ്റുകൊണ്ടാണ് എസ്ടിഎസ്എംസിസി ഇക്കുറി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്.

ഫാ. ജോയ് വയലില്‍ നടത്തുന്ന പ്രാര്‍ത്ഥനകളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. എസ്ടിഎസ്എംസിസി ട്രസ്റ്റി ജോസ് മാത്യു സ്വാഗതപ്രസംഗവും, ഫാ. ടോണി പഴയകളം ക്രിസ്മസ് സന്ദേശവും നല്‍കും. ഇതിന് ശേഷമാണ് ക്രിസ്മസ് പുതുവത്സര പരിപാടികള്‍ അരങ്ങേറുക. ക്രിസ്മസ് പപ്പാ വേദിയില്‍ ആശംസകളുമായി എത്തി അംഗങ്ങളെ കാണും. സെന്റ് മൈക്കിള്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി. തുടര്‍ന്ന് സണ്ണി സാര്‍ ഭക്തിഗാനം അവതരിപ്പിക്കും. സെന്റ് അഗസ്റ്റിന്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ സ്‌കിറ്റ് അവതരണവുമുണ്ട്. സെന്റ് പാട്രിക് വാര്‍ഡ് യൂണിറ്റ് അവതരിപ്പിക്കുന്ന കരോള്‍ സോംഗ്, സെന്റ് വിന്‍സെന്റ് യൂണിറ്റിന്റെ ആക്ഷന്‍ സോംഗ് എന്നിവയും നടത്തും.

ഇതിന് ശേഷം എസ്ടിഎസ്എംസിസി കോറസ് അവതരിപ്പിക്കുന്ന മുുതിര്‍ന്നവരുടെ കരോള്‍ ഗാനാവതരണം നടക്കും. സെന്റ് സ്റ്റീഫന്‍ യൂണിറ്റ് കോര്‍ഡിനേറ്റിന്റെ നേതൃത്വത്തില്‍ നൃത്തവും, സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നേറ്റിവിറ്റിയും അരങ്ങേറും. ബ്രിസ്റ്റോള്‍ എക്യുമെനിക്കല്‍ കരോള്‍ സര്‍വ്വീസില്‍ പങ്കെടുത്ത കുട്ടികളുടെ കരോള്‍ ഗാനവുമുണ്ടാകും. സെന്റ് തെരേസാസ് വാര്‍ഡ് യൂണിറ്റിന്റെ നേതൃത്തില്‍ ഗ്രൂപ്പ് സോംഗ്, യൂത്ത് ഗ്രൂപ്പിന്റെ കരോള്‍ ഗാനം എന്നിവയ്ക്ക് ശേഷം സെന്റ് ജോസഫ് വാര്‍ഡ്സെന്റ് സേവ്യര്‍ വാര്‍ഡ് കോര്‍ഡിനേറ്റര്‍മാരായ പ്രസാദ് ജോണ്‍, വിന്‍സെന്റ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ റോജി ചങ്ങനാശേരി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് ദി കിംഗ്സ്’ നാടകം അവതരിപ്പിക്കും.

ഈ ആഘോഷത്തിന് ശേഷം നവദമ്പതികളുടെ കേക്ക് മുറിക്കലും മധുരം പങ്കുവെയ്ക്കലോടും കൂടി ഈ വര്‍ഷത്തെ ക്രിസ്മസ്പുതുത്സര ആപരിപാടികള്‍ അവസാനിക്കും. പരിപാടികള്‍ക്ക്‌ശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. പുതുവര്‍ഷത്തിന്റെ എല്ലാവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട് എസ്ടിഎംസിസി വികാരി ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ തുടങ്ങിയവര്‍ ഏവരേയും ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.