വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ കലാപം നടക്കുന്നതിനിടെ സ്കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഖജൂരി ഖാസ് മേഖലയിൽ നിന്നാണ് 13 വയസ്സുള്ള കുട്ടിയെ കാണാതായത്. എട്ടാംതരത്തിൽ പഠിക്കുന്ന കുട്ടി സോണിയ വിഹാറിലാണ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വന്നിരുന്നത്.

തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്കൂളിലേക്ക് പോയത്. വീട്ടിൽ നിന്നും 4.5 കിലോമീറ്റർ അകലെയാണ് സ്കൂൾ. 5.20ന് കുട്ടിയെ സ്കൂളിൽ നിന്ന് വിളിക്കാൻ താൻ എത്തേണ്ടതായിരുന്നെന്നും വഴിയിൽ കലാപത്തിനിടയിൽ കുടുങ്ങുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഒരു റെഡി മെയ്ഡ് തുണിക്കട നടത്തിവരികയാണ് ഇദ്ദേഹം.

ആളുകളെ കാണാതായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മൗജ്പൂരിലെ വിജയ് പാർക്കിനടുത്ത് താമസിക്കുകയായിരുന്ന തന്റെ രണ്ട് മക്കളെ രണ്ടുദിവസമായി കാണാനില്ലെന്ന് 70കാരനാ. മൊഹമ്മദ് സാബിർ‌ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ വീട് അക്രമികൾ വളഞ്ഞതായി ഫോൺ ചെയ്ത് പറഞ്ഞിരുന്നതായി സാബിർ പറയുന്നു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.