വിദ്യാഭ്യാസ വായ്പയെടുക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമം പഠിക്കുന്നവരേക്കാള്‍ കൂടൂതല്‍ പണം തിരിച്ചടക്കേണ്ടതായി വരുന്നുവെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി. ജോലിയിലെത്തിയാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അഭിഭാഷകര്‍ക്കും ബാങ്കിംഗ് ജോലിയിലെത്തുന്നവര്‍ക്കും താരതമ്യേന കുറഞ്ഞ തുകയാണ് വായ്പായിനത്തില്‍ തിരിച്ചടക്കേണ്ടി വരുന്നത്. അതേസമയം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഇവരേക്കാള്‍ 19,000 പൗണ്ടോളം അധികം നല്‍കേണ്ടി വരുന്നതാണ് സമിതി വിലയിരുത്തി.

മെയില്‍ നഴ്‌സുമാരും മിഡൈ്വഫുമാരും 133,000 പൗണ്ട് തിരിച്ചടക്കുമ്പോള്‍ മെയില്‍ ഫിനാന്‍സിയര്‍മാര്‍ 120,000 പൗണ്ടും അഭിഭാഷകര്‍ 114,000 പൗണ്ടും മാത്രമാണ് തിരിച്ചടക്കുന്നത്. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കി കുറച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ മേലുള്ള ഭാരം കുറയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഫീസുകളും ലോണുകളും ശരിയായ വിധത്തിലുള്ളതല്ലെന്ന വിമര്‍ശനം കമ്മിറ്റി നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന രീതി പോലും വളരെ മോശമാണ്. അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഒരു ഏകീകൃത വ്യവസ്ഥയാണ് ഇതിനായി നടപ്പാക്കേണ്ടതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ലോര്‍ഡ് ഫോര്‍സിത്ത് ഓഫ് ഡ്രംലീന്‍ വ്യക്തമാക്കി.