22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ അവാസന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലൂസി ഡി ഒലിവേറയാണ് ആത്മഹത്യ ചെയ്തത്. ജോലി നേടുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഒലിവേറയെന്ന് അമ്മ ലിസ് പറഞ്ഞു. നഴ്‌സിംഗ് ജോലിയില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിനി പഠനം പൂര്‍ത്തീകരിക്കുന്നതിനായി രണ്ട് ജോലികള്‍ ചെയ്തിരുന്നു. അമിതമായി പെയിന്‍ കില്ലറുകള്‍ കഴിച്ചാണ് ഒലിവേറ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നഴ്‌സിംഗ് ട്രെയിനിംഗ് പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആത്മഹത്യ. എന്‍എച്ച്എസ് ജോലി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മകള്‍ക്ക് കടുത്ത് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ മകളെ പ്രേരിപ്പിച്ചതും അതായിരിക്കുമെന്ന് ലിസ് വ്യക്തമാക്കുന്നു.

പഠനച്ചെലവുകള്‍ കണ്ടെത്തുന്നതിനായി ഒലിവേറ രണ്ട് ജോലികള്‍ ചെയ്തിരുന്നു. ഇത് കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ആശുപത്രി സേവനവും അവള്‍ ചെയ്തിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് പ്രതിഫലമൊന്നും ലഭിക്കുകയില്ല. മകളെ നഷ്ടപ്പെട്ട ലിസും കുടുംബവും അതീവ ദുഖത്തിലാണ്. ഒലിവേറയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുള്ള കുടുംബത്തെ അനാഥമാക്കിയാണ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ബിരുദപഠനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ജോലി നേടുന്നതിനായി വലിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വളരെയധികം മത്സരം നടക്കുന്ന തൊഴില്‍ മേഖലയാണ് നഴ്‌സിംഗ് മേഖലയെന്നും മുന്‍ ബാരിസ്റ്റര്‍ കൂടിയായ ലിസ് പറയുന്നു. പ്ലേസ്‌മെന്റിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള ജോലിയുടെ ഫുള്‍ടൈം ഷിഫ്റ്റുകളെടുത്തിരുന്ന അവള്‍ക്ക് മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാനുണ്ടായിരുന്നതായും ലിസ് പറയുന്നു.

പഠനം പൂര്‍ത്തികരിച്ച മേഖലയില്‍ ജോലി നേടിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഒരുപക്ഷേ അവള്‍ക്ക് തോന്നിക്കാണും. ജോലി ലഭിക്കില്ലെന്ന് ചിന്തകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതാകാം ഈ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചെതെന്നും ലിസ് പറയുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒലിവേറ യൂണിവേഴിസിറ്റിയില്‍ നിന്നും വീട്ടിലെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുപോകണമെന്നും വീണ്ടുമൊരു ശ്രമം നടത്തി നോക്കട്ടെയെന്നും ലൂസി അമ്മയോട് പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസം മുന്‍പ് തന്നെ ലൂസി തന്റെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നു.