സ്കൂൾ അദ്ധ്യാപകന്റെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം

സ്കൂൾ അദ്ധ്യാപകന്റെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം
September 20 14:14 2017 Print This Article

സ്‌കൂളിലെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ശിക്കാറിലാണ് സംഭവം. അനാരോഗ്യകരമായ സാഹചര്യത്തില്‍, ആവശ്യമായ മുന്‍കരുതലെടുക്കാതെയുള്ള ഗര്‍ഭഛിത്രത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടസപ്പെട്ടതാണ് 18 വയസുകാരിയുടെ തലച്ചോര്‍ തകരാന്‍ കാരണം. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ഞായറാഴ്ച രാത്രിയോടെ ജെയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതോടെയാണ് പീഡനവിവരവും ഗര്‍ഭഛിത്രം നടത്തിയ കാര്യവും പുറത്തുവന്നത്. അധ്യാപകന്‍ ജഗത് ഗുജ്ജറും സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവുമാണ് കുട്ടിയെ പീഡിപ്പിച്ചതും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതും. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഴയനിലയിലാകുവാനുള്ള സാധ്യത കുറവാണെന്ന് ജെയ്പൂര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി കുട്ടി സ്‌കൂളില്‍ പീഡനത്തിനിരയായി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എക്‌സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് അധ്യാപനും സ്‌കൂള്‍ ഡയറക്ടറും കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞും സ്‌കൂളില്‍ നിര്‍ത്തിയത്. ഇരുവരുടെയും തുടര്‍ച്ചയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രഹസ്യമായി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ക്ലിനിക്കില്‍ സുരക്ഷിതമല്ലാതെ നടത്തിയ ഗര്‍ഭഛിദ്രത്തിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധചികിത്സയ്ക്കായി ജെയ്പൂരിലെ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ കൊണ്ടുവന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയായ വിവരം മനസിലായത്. വിവരമറിഞ്ഞ് സ്‌കൂളിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സ്‌കൂള്‍ താല്‍ക്കാലികമായി പൊലീസ് അടച്ചുപൂട്ടി. 400 കുട്ടികളാണ് സംഭവം നടന്ന സ്‌കൂളില്‍ പഠിക്കുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles