ദുരിതാശ്വാസ ക്യാംപില്‍ മരിച്ച ചിത്തിരപുരം രണ്ടാം മൈലില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്റെ (65) മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്‌കരിച്ചു. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്‌കാരം. മൃതദേഹം സംസ്‌കരിക്കാന്‍ ആറടി മണ്ണു തേടി അലഞ്ഞവര്‍ക്ക്, രൂപത വികാരി ജനറല്‍ ഫാ.ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അനുമതി നല്‍കിയതോടെയാണു സംസ്‌കാരം നടന്നത്.

മഴക്കെടുതിയെ തുടര്‍ന്നു വീടുകളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്എസ്എസിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തോടെ, സെന്റ് ആന്‍സ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പില്‍ ക്യാംപ് സന്ദര്‍ശിച്ചപ്പോഴാണു സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും വൈദികനോടു പറഞ്ഞു.

ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. വികാരി ജനറല്‍ അനുമതിയും നല്‍കിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടര്‍ന്ന് സംസ്‌കാരം നടത്തുകയായിരുന്നു.