കൊ​​​ല്ല​​​ത്തു​​​നി​​​ന്നു കാ​​​ണാ​​​താ​​​യ സ്ത്രീ​​​യെ പാ​​​ല​​​ക്കാ​​​ട് കൊ​​​ല​​​പ്പെ​​​ടു​​​ത്തി കു​​​ഴി​​​ച്ചി​​​ട്ട​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തിയ സംഭവത്തിൽ പ്രതി പ്രശാന്ത് കാട്ടിയത് കൊടിയ ക്രൂരതയെന്ന് പോലീസ്. കേസില്‍ അതിവേഗം കുറ്റപത്രം നല്‍കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.  കൊല്ലപ്പെടുമ്പോൾ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.

മാര്‍ച്ച് 17ന് കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി രണ്ടുദിവസം ഒപ്പം താമസിപ്പിച്ചു ശാരീരികബന്ധം പുലർത്തിയ ശേഷം ആണ് പ്രതി പ്രശാന്ത് കൊലപാതകം നടത്തിയത്. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഉറക്കത്തിലായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്പിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി. കാലില്‍ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്‌കൊണ്ട് പുതപ്പിച്ചു.

പുലര്‍ച്ചെ അഞ്ചിനുണര്‍ന്ന് കത്തിയും കൊടുവാളും ഉപയോഗിച്ച് രണ്ട് കാലിന്റെയും മുട്ടിന് താഴോട്ടുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായതോടെ ഒടിച്ചുമാറ്റി. സുചിത്രയുടെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരിമാറ്റി. വീടിന്റെ പുറകുവശത്ത് മതിലിനോടു ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ട് കത്തിക്കാനായിരുന്നു ശ്രമം. അതിനായി നേരത്തേതന്നെ കുപ്പിയില്‍ രണ്ട് ലിറ്ററും കാനില്‍ അഞ്ച് ലിറ്ററും ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും കരുതിയിരുന്നു. 21ന് രാത്രിയായിരുന്നു മൃതശരീരം കത്തിക്കാനുള്ള ശ്രമം നടന്നത്. കുഴിയിലിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുഴി വലുതാക്കി ശരീരവും കാലും അതിലിട്ട് മൂടി. പാറക്കല്ലുകള്‍ അടുക്കിയശേഷം വീണ്ടും മണ്ണിട്ട് കുഴി നിറച്ചു.

മുഖത്തലയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണു സുചിത്ര പിള്ള. അച്ഛന്റെയും അമ്മയുടെയും ഏക മകള്‍. പഠനത്തിലും മിടുക്കിയായിരുന്നു. പ്രശാന്തുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്. സംഗീത അദ്ധ്യാപകനായ ഇയാള്‍ക്കു പിയാനോ വാങ്ങാനായി സുചിത്ര കടമായി 2.5 ലക്ഷം രൂപ നല്‍കിയിരുന്നതായും പറയുന്നു. ഇതിന്റെ തെളിവം പൊലീസിന് കിട്ടിയിട്ടുണ്ട്. സുചിത്ര 2008ല്‍ കൊട്ടാരക്കര സ്വദേശിയെയും 2015ല്‍ ഹരിപ്പാട് സ്വദേശിയെയും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധങ്ങള്‍ നിയമപരമായി വേര്‍പെടുത്തി. രണ്ട് കല്യാണത്തിനും സ്ത്രീധനമായി 100 പവന്‍ വീതം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാതെയായിരുന്നു ഡിവോഴ്‌സ്.

കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടിഷ്യന്‍ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു സുചിത്രാ പിള്ള. ഭര്‍ത്താവ് തന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയിലല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്താണെന്നാണു സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. സമയം പോകാന്‍ വേണ്ടി മാത്രമായിരുന്നു ജോലിയെ സുചിത്ര കണ്ടിരുന്നത്. പ്രശാന്തിന്റെ ഭാര്യയുമായി സുചിത്രയ്ക്കു വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടായിരുന്നു. വീട്ടില്‍ ഇടയ്‌ക്കൊക്കെ സുചിത്ര വരുമായിരുന്നു. ഈ കുടുംബസൗഹൃദം വീട്ടുകാര്‍ അറിയാതെ പ്രശാന്തുമായുള്ള പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. പ്രശാന്തും സുചിത്രയും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സുചിത്രയുടെ വയറ്റില്‍ വളര്‍ന്നിരുന്നത് പ്രശാന്തിന്റെ കുട്ടിയാണെന്നാണ് സൂചന. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് പ്രശാന്തിന്റെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത്

അന്ന് രാത്രി ക്രൂരതയ്ക്ക് ശേഷം സുചിത്രയുടെ മൊബൈല്‍ ഓണാക്കിയശേഷം പ്രശാന്ത് രാത്രി കാറില്‍ തൃശ്ശൂര്‍ മണ്ണുത്തിയിലെത്തി. ഈ സമയം പ്രശാന്തിന്റെ മൊബൈല്‍ ഓഫ് ചെയ്ത് വീട്ടില്‍ വെച്ചിരുന്നു. മണ്ണുത്തിയിലെത്തി സുചിത്രയുടെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. കൊല്ലത്തുനിന്നെത്തിയ സുചിത്രയും രാംദാസ് എന്ന സുഹൃത്തും തന്നോടൊപ്പം പാലക്കാട്ട് താമസിച്ചിരുന്നെന്നും ഇവരെ തൃശ്ശൂര്‍ മണ്ണുത്തിയില്‍ കൊണ്ടുചെന്ന് യാത്രയയച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

ഇവര്‍ മഹാരാഷ്ട്രയിലേക്ക് പോയതായും പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് ബലം നല്‍കുന്നതിനാണ് ഫോണ്‍ മണ്ണുത്തിയില്‍ കൊണ്ടുപോയി നശിപ്പിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വയര്‍ കത്തിച്ചശേഷം അതിനകത്തെ കമ്പിപോലും പലയിടങ്ങളിലായാണ് നിക്ഷേപിച്ചത്. വീടിന്റെ ഭിത്തിയില്‍ പറ്റിയ രക്തക്കറകളൊക്കെ പെയിന്റടിച്ച് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പലയിടത്തുനിന്നും രക്തം ചുരണ്ടിമാറ്റിയിരുന്നു. സുചിത്രയുടെ ബാഗും വസ്ത്രങ്ങളും മറ്റൊരിടത്തിട്ട് കത്തിച്ചുകളയുകയുമാണ് ചെയ്തത്. ഈ ക്രൂരതകളൊക്കെ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിന് വ്യക്തമായ തിരക്കഥ പ്രശാന്ത് തയ്യാറാക്കിയിരുന്നു എന്നു തന്നെയാണ്.