ഉമ്മന്‍ ചാണ്ടിക്കെതിരെ പേരെടുത്തുപറഞ്ഞ് ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്‍. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ചുമതലയേറ്റെടുത്ത ചടങ്ങില്‍ മനപൂര്‍വ്വമാണ് അദ്ദേഹം വരാഞ്ഞത്. ക്രൂരതയോടെയുള്ള നിസംഗതയാണ് അദ്ദേഹം കാണിച്ചത്. തന്‍റെ ജനരക്ഷാ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേര് പരാമര്‍ശിക്കാന്‍ മടിച്ചു. രണ്ടാമത്തെ യാത്രയില്‍ തന്‍റെ പേര് പറയാന്‍ പോലും അദ്ദേഹം മടിച്ചെന്നാണ് തന്‍റെ ഓര്‍മയെന്നും സുധീരന്‍ തുറന്നടിച്ചു. സമാപനത്തില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞത് അഭിമാനകരമായ നേട്ടമായിരുന്നുവെന്നും സുധീരന്‍ ഓര്‍മിച്ചു.

പരസ്യവിലക്കിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് വിഎം സുധീരന്‍റെ തുറന്നടി. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഇത് ബിജെപിക്ക് നേട്ടമാകുന്നത് കാണാതിരിക്കാനില്ല. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതൃത്വവും ഇങ്ങനെ തീരുമാനിക്കില്ലെന്നും രാഹുലിന്റെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന്‍ ആരോപിച്ചു.

സീറ്റ് നല്‍കിയതില്‍ ഒളി അജന്‍ഡയുണ്ടെന്ന് വ്യക്തമാക്കിയ സുധീരന്‍, കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടരുതെന്ന താല്‍പര്യമാണ് മുന്തിനിന്നതെന്നും ആവര്‍ത്തിച്ചു.

പരസ്യപ്രസ്താവന വിലക്ക് ഒറ്റമൂലിയല്ലെന്നും തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. താന്‍ വിലക്കിയ അന്ന് ഹസന്‍ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കെ രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. ഹസന്‍ ഇന്നലെ യോഗത്തില്‍ വിലക്കിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ താന്‍ ഇതൊന്നും നടപ്പാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാണി ചാഞ്ചാട്ടക്കാരനെന്നും സുധീരന്‍ ആവര്‍ത്തിച്ചു. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോയെന്നും സുധീരന്‍ ചോദിച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയപ്പോള്‍ യുപിഎയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്തുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു.