വി എം സുധീരനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

വി എം സുധീരനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
July 05 06:24 2017 Print This Article

തോമസ് ടി. ഉമ്മന്‍

ന്യൂയോര്‍ക്ക്: മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ന്യൂയോര്‍ക്കിലെ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ക്വീന്‍സില്‍ ഡയാന ബാലന്റെ വസതിയില്‍ നടന്ന സ്വീകരണ കൂട്ടായ്മയില്‍ ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍സിംഗ്, ഐഎന്‍ഒസി കേരളാ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഐ.എന്‍.ഒ.സി ട്രഷറര്‍ ജോസ് ജോര്‍ജ്, ന്യൂയോര്‍ക്ക് ട്രഷറര്‍ ബാലചന്ദ്ര പണിക്കര്‍, വനിതാഫോറം ചെയര്‍ ലീല മാരേട്ട്, വി എം ചാക്കോ, സി ജി ജനാര്‍ദ്ദനന്‍, തമിഴ്നാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കോശി ഉമ്മന്‍, യുവജനവിഭാഗം ജെയ്സണ്‍, മാധ്യമ പ്രവര്‍ത്തകരായ മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് (ഐപിസി) ഭാരവാഹികളായ ജിന്‍സ്മോന്‍ സഖറിയ, ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് മാത്യൂ, ജോയിന്റ് ട്രഷറര്‍ സജി തോമസ്, ഡയറക്ട് ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരത്തില്‍, കേരള ടൈംസ് ചീഫ് എഡിറ്റര്‍ ബിജു ജോണ്‍, എസ്എന്‍എ നേതാക്കളായ കെ.ജി. സഹൃദയന്‍, സന്തോഷ് ചെമ്പന്‍, കെ ജി ജനാര്‍ദനന്‍, സ്വര്‍ണകുമാര്‍, മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീകരണത്തോടൊപ്പം നടത്തപ്പെട്ട സൗഹൃദ ചര്‍ച്ചയില്‍ രാഷ്ട്രീയം പറയാന്‍ താല്‍പര്യമില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പിന്നോക്കമാണെങ്കിലും ആ സ്ഥിതി തുടരുമെന്ന് കരുതുന്നില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന ബിജെപി പ്രതീക്ഷിച്ച നേട്ടമൊന്നും ഉണ്ടാക്കുന്നില്ല. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. അത് തകര്‍ന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷങ്ങളുണ്ടാകും. കമ്മ്യൂണലിസം ജനാധിപത്യത്തിനു ഭീഷണിയാണ്. നോട്ട് പിന്‍വലിച്ച നടപടി ഇന്ത്യയിലെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. അതിന്റെ ദോഷഫലങ്ങള്‍ തുടരുന്നു. അതിനുശേഷം ഉത്തര്‍പ്രദേശില്‍ ബിജെപി ജയിച്ചു എന്നതുകൊണ്ട് ജനത്തിന്റെ കഷ്ടപ്പാട് ഇല്ലാതായെന്നോ, ജനം ആ നടപടി ശരിവെച്ചുവെന്നോ അര്‍ത്ഥമില്ല.

കോണ്‍ഗ്രസുകാരന്‍ തന്നെയായ സര്‍ദാര്‍ പട്ടേലിനെ മഹത്വവത്കരിക്കുമ്പോള്‍ തന്നെ രാഷ്ട്രശില്‍പിയായ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും ജനമനസ്സില്‍ നിന്ന് നീക്കാനും മോദിയും കൂട്ടരും ശ്രമിക്കുന്നു. നെഹ്റുവിന്റെ പേര് പോലും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. ആഫ്രിക്കയില്‍ നടന്ന സമ്മേളനത്തില്‍ മോദി, നെഹ്റുവിന്റെ പേര് ഉപയോഗിച്ചില്ല. എന്നാല്‍ സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സുമോയും കോണ്‍ഗ്രസും നെഹ്റുവും ആഫ്രിക്കന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ പ്രചോദനം ആവര്‍ത്തിച്ചുപറഞ്ഞു. കലവറയില്ലാതെ ഇരുവരും നെഹ്റുവിനെ പുകഴ്ത്തി. മോദി തലതാഴ്ത്തിപ്പോയി. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ആകെ നടപടി എടുത്തത് വകുപ്പ് ഡയറക്ടര്‍ക്കെതിരെ മാത്രമായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. സ്ഥലംമാറ്റത്തിനും മറ്റും അന്ന് കൃത്യമായ മാനദണ്ഡമുണ്ടാക്കി. ഒരാള്‍ക്കും അതില്‍ ഒഴിവുകഴിവു കിട്ടില്ലെന്നു വന്നപ്പോള്‍ ആദ്യമൊക്കെ എതിര്‍പ്പ് വന്നു. പക്ഷേ ക്രമേണ എല്ലാവരും ്അത് അംഗീകരിക്കുകയാണ് ചെയ്തത്. അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അക്കാര്യം തുറന്നു പറഞ്ഞു. മേലാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. താന്‍ സ്ഥാനം വിടുന്നത് വരെ അയാള്‍ ഒരു കുഴപ്പവും കാണിച്ചില്ല. അതുപോലെ തന്നെ പരിസരം വൃത്തിയോടെ സൂക്ഷിക്കാനുള്ള സാമൂഹിക ബോധം നാം കാണിക്കുന്നില്ല. അത് തികച്ചും ഖേദകരമാണ്. അത്യാധുനിക മെട്രോ ട്രെയിനില്‍ ഇതിനകം തന്നെ ഗ്രാഫിറ്റിയും മാലിന്യങ്ങളും മറ്റും കാണാന്‍ തുടങ്ങിയിരിക്കുന്നു. നിയമം ഒരുപോലെയും ശക്തമായും നടപ്പാക്കിയാല്‍ കേരളത്തിലെ പല പ്രശ്നങ്ങളും തീരും. അതുണ്ടാവുന്നില്ല. നിയമം ലംഘിച്ചാല്‍ ശിക്ഷ കിട്ടുമെന്ന ഭീതി ഇല്ല. ഈ സ്ഥിതി മാറണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles