നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടെന്ന് സൂചനകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ലേഖയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവിന്റെ അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നാണ്. ആത്മഹത്യക്കുറിപ്പിലാണ് ഈ സൂചനകള്‍. നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ അഭിഭാഷക കമ്മീഷനും സമ്മര്‍ദം ചെലുത്തിയതായി തെളിഞ്ഞു. മേയ് 14ന് പണം തിരിച്ചടയ്ക്കണമെന്ന് എഴുതിവാങ്ങി. ഇടപാടില്‍ കക്ഷിയല്ലാതിരുന്ന മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ബാങ്കിന്റെ ജപ്തിഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ജപ്തിനടപടികൾ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാ കുറിപ്പ്. ചന്ദ്രന്റെ കുടുംബവുമായി നിലനിന്നിരുന്ന പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. തന്റെയും മകളുടെയും മരണത്തിന് കാരണക്കാരായി ഭർത്താവ് ചന്ദ്രനെയും മറ്റ് മൂന്ന് ബന്ധുക്കളുടെ പേരുമാണ് കുറിപ്പിലുള്ളത്.

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.

സാമ്പത്തികബാധ്യത തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്നത് ബന്ധുക്കളാണെന്ന് കുറിപ്പിൽ പറയുന്നു. ജപ്തിനടപടികള്‍ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ ചന്ദ്രൻ തയ്യാറായില്ല. ജപ്തി ഒഴിവാക്കാൻ ഒന്നും ചെയ്തില്ല.

വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വന്നു. തന്നെയും മകളെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. വിഷം നൽകി കൊലപ്പെടുത്താൻ നോക്കിയെന്നും തന്നെയും മകളെയും മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയെന്നും കുറിപ്പിൽ പറയുന്നു. ഭര്‍ത്താവും ബന്ധുക്കളും തങ്ങളെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.

ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടെന്ന് സൂചനകള്‍ പുറത്തായതിന് പിന്നാലെയാണ് പൊലീസിന്‍റെ നീക്കം.