ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യയുടെ കണക്കില്‍ കേരളത്തിന് എട്ടാം സ്ഥാനം. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കര്‍ഷക ആത്മഹത്യകളേക്കാള്‍ കൂടുതല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകളാണു നടക്കുന്നതെന്നു ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നതായി തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.എന്‍.സുരേഷ് കുമാര്‍ പറഞ്ഞു. 2015ലെ കേരളത്തിലെ ആത്മഹത്യാ നിരക്ക് ലക്ഷത്തില്‍ 21.2 % ആയിരുന്നു. അതായത് 7692 പേര്‍ ആത്മഹത്യ ചെയ്തു. കേരളത്തിലെ ആത്മഹത്യകളില്‍ 24.1 ശതമാനം മാനസിക, ശാരീരക രോഗങ്ങള്‍ കാരണവും 36.5 ശതമാനം കുടുംബ പ്രശ്‌നങ്ങള്‍ മൂലവുമാണെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 വര്‍ഷമായി കുടുംബ ആത്മഹത്യയുടെ കാര്യത്തിലും സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ട്. പുരുഷന്മാരുടെ ഇടയില്‍ നടക്കുന്ന ആത്മഹത്യകളില്‍ 50 ശതമാനവും 15 വയസിനും 45നും ഇടയിലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷം കേരളം ആത്മഹത്യ നിരക്കില്‍ പിറകോട്ടു പോയതായി ‘തണല്‍’ ആത്മഹത്യ പ്രതിരോധ കേന്ദ്രം വിശദീകരിക്കുന്നുണ്ട്.

രണ്ടു വര്‍ഷം മുമ്പുവരെ രാജ്യത്ത് ആത്മഹത്യ നിരക്കില്‍ കേരളമായിരുന്നു മുന്നില്‍. 2013ല്‍ 24.3 ശതമാനമായിരുന്നു കേരളത്തിലെ ആത്മഹത്യ നിരക്കെങ്കില്‍ 2014, 15 വര്‍ഷങ്ങളില്‍ ഇത് 21.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി കുടുംബ ആത്മഹത്യയിലും കേരളത്തില്‍ ഗണ്യമായ കുറവുണ്ടായി. 50 ശതമാനം ആത്മഹത്യകളും 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഭാരവാഹികള്‍ വിശദീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെക്കാള്‍ (33 ശതമാനം) തൂങ്ങിമരണങ്ങള്‍ (57 ശതമാനം) കൂടിയതായും ഭാരവാഹികള്‍ വ്യക്തമാക്കി.