അന്തരിച്ച ഗായിക രാധിക തിലകും ഗായിക സുജാതയും അടുത്ത ബന്ധുക്കള്‍ ആണെന്ന് സിനിമയില്‍ തന്നെ അധികം ആര്‍ക്കും അറിയില്ല . രാധിക തിലക് സുജാതയുടെ അമ്മയുടെ സഹോദരി പുത്രിയാണ്.രാധികയുടെ ആകസ്മിക മരണം തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ വേദനയെ കുറിച്ചു തുറന്നു പറയുകയാണ്‌ സുജാത .

റെക്കോര്‍ഡിംഗില്ലാത്ത വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ നീളുന്ന നടത്തം പതിവാണ്. മദ്രാസിലെ വീടിന്റെ ടെറസിലൂടെയുള്ള നടത്തത്തിനിടയില്‍, സ്ഥിരമായി ഫോണില്‍ വിളിക്കുന്ന ഒരാളുണ്ട്. രാധികാതിലക്. അമ്മയുടെ അനിയത്തിയുടെ മകളാണെങ്കിലും എനിക്കവള്‍ സ്വന്തം അനിയത്തിക്കുട്ടിയായിരുന്നു. പലപ്പോഴും മുക്കാല്‍ മണിക്കൂറോളം ആ സംസാരം നീളും. കുടുംബവും സംഗീതവുമൊക്കെ ആ ചര്‍ച്ചയിലേക്ക് കടന്നുവരും.

കുട്ടിക്കാലം മുതല്‍ എന്റെ പിന്നാലെയുണ്ടാവുമായിരുന്നു രാധിക. സംഗീതത്തോടും പാട്ടിനോടും ഭയങ്കര താല്‍പ്പര്യമായിരുന്നു. ഒരു ചേച്ചി എന്നതിലുപരി എന്നിലെ ഗായികയോടായിരുന്നു ഇഷ്ടം. ആരാധനയോടെയാണ് എന്നെ കണ്ടത്. എനിക്കു പിന്നാലെ രാധികയും സിനിമയിലെത്തി. കേരളത്തിലേക്ക് വന്നാല്‍ ഞാനും ശ്വേതയും രാധികയുടെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ താമസിച്ചിട്ടേ മടങ്ങുകയുള്ളൂ. ഞങ്ങളൊന്നിച്ച് പാട്ടുപാടിയും തമാശകള്‍ പറഞ്ഞും സമയം പോകുന്നതറിയില്ല. ശ്വേതയുടെ വിവാഹം എറണാകുളത്ത് വച്ച് നടത്താനാണ് തീരുമാനിച്ചത്. അതിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയത് രാധികയും ഭര്‍ത്താവ് സുരേഷുമായിരുന്നു എന്ന് സുജാത പറയുന്നു .

uploads/news/2017/04/102016/ra.jpg

ഇടക്കാലത്ത് അസുഖം വന്നപ്പോഴും എന്നോട് ഒന്നും അവള്‍  പറഞ്ഞില്ല. ആരും വിഷമിക്കുന്നത് രാധികയ്ക്കിഷ്ടമല്ല. പോസിറ്റീവ് ആയ കാര്യങ്ങളേ സംസാരിക്കാറുള്ളൂ. എപ്പോഴും സ്മാര്‍ട്ടായിരുന്നു. രാധികയും കുടുംബവും പിന്നീട് പനമ്പിള്ളി നഗറിലേക്ക് താമസം മാറി. അതിന് തൊട്ടുമുകളിലായിരുന്നു ശ്വേതയുടെ ഭര്‍ത്താവിന്റെ ഫ്‌ളാറ്റ്. ഞങ്ങള്‍ അവിടെ താമസിക്കാന്‍ വരുമ്പോള്‍ ഭക്ഷണമുണ്ടാക്കരുതെന്ന് രാധികയ്ക്ക് നിര്‍ബന്ധമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണം അവളുണ്ടാക്കിവയ്ക്കും. മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പുവരെ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു.

അന്നും എന്നോട് അവള്‍  പറഞ്ഞു, ‘എനിക്ക് പാട്ടിലേക്ക് തിരിച്ചുവരണം ചേച്ചീ’ എന്ന് .എറണാകുളത്തുനിന്ന് മദ്രാസിലേക്ക് വന്നതിന്റെ രണ്ടാംദിവസമാണ് പനി കൂടിയ വിവരമറിഞ്ഞത്. പിന്നീട് കേട്ടത് മരണവാര്‍ത്തയായിരുന്നു. ഒരടി കിട്ടിയതുപോലെയായി എനിക്ക്. എന്റെ അനിയത്തി വിടപറഞ്ഞിട്ട് സെപ്റ്റംബര്‍ 20ന് രണ്ടുവര്‍ഷം തികയുകയാണ്.തിരിച്ചുവരണമെന്ന അവളുടെ ആഗ്രഹം സാധിക്കാതെ പോയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. ഇപ്പോഴും വൈകിട്ട് ടെറസിലൂടെ നടക്കുമ്പോള്‍ വല്ലാതെ മിസ് ചെയ്യാറുണ്ട് രാധികയെ…സുജാത പറഞ്ഞു നിര്‍ത്തുന്നു .