പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.

മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.

എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.

വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !

‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).

‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.

പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…

വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.