ഫാ.ബിജു കുന്നയ്ക്കാട്ട്

ഈ ദിവസങ്ങളില്‍ വായിച്ച ഏറെ ചിന്തോദ്ദീപകമായ ഒരു കഥ പറഞ്ഞു തുടങ്ങാം: പണ്ട് ഒരു രാജ്യത്ത് ഒരു രാജാവ് ജീവിച്ചിരുന്നു. സുഖലോലുപതയിലാണ് കഴിഞ്ഞിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും പൂര്‍ണ സന്തോഷവാനായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം തൻറെ സേവകരിലൊരാള്‍ മൂളിപ്പാട്ടും പാടി സന്തോഷത്തോടും ഉത്സാഹത്തോടും കൂടി അവൻറെ ജോലി ചെയ്യുന്നത് രാജാവ് ശ്രദ്ധിച്ചു. എല്ലാമുള്ള തനിക്ക് സന്തോഷിക്കാന്‍ പറ്റാത്തപ്പോഴും തൻറെ സേവകരിലൊരാള്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നതെങ്ങനെയെന്നത് രാജാവിനെ ചിന്തിപ്പിച്ചു. അവനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. ”പ്രഭോ, ഞാനൊരു വേലക്കാരന്‍ മാത്രമാണ്. എൻറെ കുടുംബം മുമ്പോട്ടു പോകാന്‍ ഏറെയൊന്നും ആവശ്യമില്ല. ഉറങ്ങാന്‍ ഒരു കൂരയും കഴിക്കാനുള്ള ഭക്ഷണവുമുണ്ടെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.”

ഇക്കാര്യങ്ങളെക്കുറിച്ച് കൊട്ടാരം ഉപദേശകനോട് പറഞ്ഞപ്പോള്‍ അദ്ദഹം രാജാവിനോട് പറഞ്ഞു: ”പ്രഭോ, ഈ സേവകന്‍ ഇതുവരെ 99 ക്ലബ്ബില്‍ അംഗമായിട്ടില്ല. അതുകൊണ്ടാണ് അവന് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്.” രാജാവ് ചോദിച്ചു; 99 ക്ലബ്ബോ?”,  ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ! ”അതെക്കുറിച്ച് കൃത്യമായി അറിയണമെങ്കില്‍ 99 സ്വര്‍ണനാണയങ്ങളുള്ള ഒരു കിഴി ഈ സേവകൻറെ വീട്ടുപടിക്കല്‍ കൊണ്ടുപോയി വയ്ക്കണം” ഉപദേശകന്‍ മറുപടി പറഞ്ഞു.

പിറ്റേന്നു പ്രഭാതത്തില്‍ തൻറെ വീട്ടുപടിക്കല്‍ ഒരു കിഴി കിടക്കുന്നതു കണ്ട് സേവകന്‍ അതിശയിച്ചു. അത് തുറന്നു നോക്കിയപ്പോള്‍ അത്ഭുതം കൊണ്ട് തുള്ളിച്ചാടി – സ്വര്‍ണനാണയങ്ങള്‍! അത് എത്രയുണ്ടെന്നറിയാന്‍ അദ്ദേഹം എണ്ണിനോക്കി – 99 എണ്ണം! ആരും 99 എണ്ണമായി തരില്ലല്ലോ, 100 ആണ് കാണേണ്ടത്. ബാക്കി ഒരെണ്ണം എവിടെപ്പോയി? ചുറ്റുപാടെല്ലാം അരിച്ചുപെറുക്കി, കണ്ടുകിട്ടിയില്ല. ഒടുവില്‍ ആ നൂറാമത്തെ നാണയം നേടുന്നതായി പതിവിലുള്ളതിനെക്കാള്‍ കഠിനമായി അദ്ദേഹം അന്നുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങി. ജോലിക്കിടയിലുള്ള അവൻറെ മൂളിപ്പാട്ട് നിന്നു. അന്നുമുതല്‍ അവന്‍ മറ്റൊരു വ്യക്തിയായി മാറി. പിറുപിറുത്ത് കൊണ്ട് ജോലി ചെയ്യാന്‍ തുടങ്ങി. തൻറെ അധ്വാനത്തില്‍ പങ്കുചേരാത്തതിന് കുടുംബാംഗങ്ങളെ പഴിക്കാന്‍ തുടങ്ങി. അവൻറെ മനസിൻറെ സമാധാനവും കുടുംബാംഗങ്ങളോടൊത്തുള്ള സന്തോഷവും അന്നുമുതല്‍ അവന് നഷ്ടപ്പെട്ടു.

തൻറെ സേവകൻറെ ജീവിതത്തിലും സ്വഭാവത്തിലും വന്ന മാറ്റം കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. ഉപദേശകന്‍ രാജാവിനോട് പറഞ്ഞു:  ഈ സേവകന്‍ ഇപ്പോള്‍ ഔദ്യോഗികമായി 99 ക്ലബ്ബില്‍ അംഗമായിരിക്കുന്നു! അദ്ദേഹം തുടര്‍ന്നു; സന്തോഷിക്കാന്‍ ആവശ്യമുള്ളതെല്ലാം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ സംതൃപ്തി കണ്ടെത്താതെ, കിട്ടാതെ പോകുന്ന ഒരു കാര്യത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ നിരാശയിലും അനാവശ്യ അധ്വാനത്തിലും കഴിയുന്ന ആളുകള്‍ക്കുള്ള പൊതുപേരാണ് 99 ക്ലബ്ബ്. ഒരെണ്ണം കൂടി കിട്ടിക്കഴിയുമ്പോള്‍ സംതൃപ്തിയും പൂര്‍ണതയുമുണ്ടാകുമെന്ന് അവര്‍ കരുതുന്നു, അതുകിട്ടിക്കഴിയുമ്പോള്‍ അടുത്ത ഒന്നിലേക്ക് അവരുടെ ശ്രദ്ധ പോകുന്നു, അത് അവസാനമില്ലാതെ തുടരുന്നു, ഒരിക്കലും ഒന്നിലും സംതൃപ്തിയില്ലാതെ ഇക്കൂട്ടര്‍ ജീവിക്കുന്നു, സമാധാനവും സന്തോഷവും ഉറക്കവും നഷ്ടപ്പെടുന്നു. പ്രവേശനഫീസ് ഇല്ലാത്ത ഈ ക്ലബ്ബില്‍ ജീവിതം മുഴുവന്‍ വിലയായി കൊടുത്ത് ജീവിക്കേണ്ടി വരുന്നു.”

”കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു, കൊച്ചു കുടില്‍ക്കത്രേ നിദ്രാസുഖം”- മലയാള കവിതയിലെ അര്‍ത്ഥഗര്‍ഭമായ ഈ വരികള്‍ ഏറെ ചിന്തനീയമത്രെ. സന്തോഷത്തിലും മനസമാധാനത്തിലും ജീവിക്കാന്‍ ഒരു മനുഷ്യന് ഏറെയൊന്നും വേണ്ട എന്നതാണ് മഹാന്മാര്‍ ലോകത്തെ പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്ന്. പക്ഷികള്‍ക്കു പോലും കൂടും നരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ലോകത്തില്‍ തലചായ്ക്കാന്‍ പോലും ഇടമില്ലാതിരുന്നിട്ടും (ലൂക്കാ 9:58) ലോകഗുരുവായ യേശുക്രിസ്തു യാതൊരു പരാതിയുമില്ലാതെയാണ് ഈ ഭൂമിയില്‍ ജീവിച്ചത്. ‘ജനങ്ങളുടെ പ്രസിഡന്റ്’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മഹാനായ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് സ്വന്തമായുണ്ടായിരുന്ന സ്വത്ത് വിവരങ്ങള്‍ ലോകമറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്. 2500 പുസ്തകങ്ങള്‍, ഒരു റിസ്റ്റ്‌വാച്ച്, ആറ് ഷര്‍ട്ടുകള്‍, നാല് പാന്റുകള്‍, മൂന്ന് സ്യൂട്ടുകള്‍ പിന്നെ ഒരു ജോടി ഷൂസും. ടിവി, ഫ്രിഡ്ജ്, കാര്‍ ഒന്നും അദ്ദേഹം സ്വന്തമാക്കിയിരുന്നില്ല. ഒരു രാജ്യത്തിൻറെ പ്രസിഡന്റ് ഇത്രയും എളിയ രീതിയില്‍ ജീവിക്കുമ്പോഴാണ് സമൂഹത്തില്‍ സാധാരണക്കാരായ മറ്റു ചിലരുടെ ധൂര്‍ത്തും ആഡംബരങ്ങളും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്.

പ്രകാശം ലഭിച്ച മഹാന്മാരുടെയെല്ലാം ജീവിതങ്ങള്‍ ഈ എളിയ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തിയതിൻറെ നിദര്‍ശനങ്ങളായിരുന്നു. രാജകൊട്ടാരത്തിലെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ‘ബുദ്ധ’നായി മാറിയപ്പോഴേക്കും ലോകവസ്തുക്കള്‍ ഏറെ സമ്പാദിക്കണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ നിന്ന് പൂര്‍ണമായി പൊയ്പ്പോയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ധനികനായ Warren Buffet ഇപ്പോഴും മൊബൈല്‍ ഫോണോ ഒരു കമ്പ്യൂട്ടറോ ഇല്ലാതെ മൂന്ന് മുറികള്‍ മാത്രമുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? മരം വെട്ടാന്‍ കാട്ടില്‍ പോയി കോടാലി വെള്ളത്തില്‍ കളഞ്ഞുപോയ വിറകുവെട്ടുകാരൻറെ മനസിൻറെ നൈര്‍മല്യമൊക്കെ ഇന്നു നമുക്ക് നഷ്ടപ്പെടുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം ഇരുമ്പുകോടാലി മാത്രമല്ല, സ്വര്‍ണത്തിൻറെയും വെള്ളിയുടെയും കോടാലി കൂടി കിട്ടിയാലേ ജീവിതത്തില്‍ വിജയിക്കൂ എന്ന വാശിയിലാണ് ഓരോരുത്തരും മത്സര ഓട്ടം നടത്തുന്നത്.

ഇല്ലാത്തവയെക്കുറിച്ച് പരാതിപ്പെടാതെ അവനവനുള്ള സാഹചര്യത്തില്‍ സന്തോഷത്തോടെ കഴിയുന്നതാണ് പരമപ്രധാനം. മദര്‍ തെരേസയുടെ കല്‍ക്കട്ടയിലെ മിഷന്‍ ഭവനം സന്ദര്‍ശിച്ച ഒരു വിദേശ വനിത ഒരിക്കല്‍ മദറിനോട് പറഞ്ഞു. ‘എനിക്ക് നിങ്ങളുടെ ജീവിത സാഹചര്യം കണ്ടിട്ട് കഷ്ടം തോന്നുന്നു. കഴിക്കാന്‍ നിങ്ങള്‍ക്ക് നല്ല ഭക്ഷണമില്ല, ജീവിത സാഹചര്യങ്ങളില്ല, കിടക്കാന്‍ കട്ടിലില്ല. എങ്ങനെ ഇവിടെ ജീവിക്കുന്നു?” മദര്‍ ശാന്തമായി അവരോടു പറഞ്ഞു: ”സത്യത്തില്‍ എനിക്ക് നിങ്ങളോടാണ് കഷ്ടം തോന്നുന്നത്. കിട്ടുന്ന എളിയ ഭക്ഷണം കൊണ്ട് എനിക്ക് ജീവിക്കാം. എന്നാല്‍ നിങ്ങള്‍ക്കതു പറ്റില്ല. എളിയ ചുറ്റുപാടില്‍ എനിക്ക് കഴിഞ്ഞുകൂടാം, എന്നാല്‍ നിങ്ങള്‍ക്കതു പറ്റില്ല. എനിക്ക് നിലത്തു കിടന്നാലും ഉറങ്ങാം, എന്നാല്‍ കട്ടിലില്ലാതെ നിങ്ങള്‍ക്കുറങ്ങാനാവില്ല. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ നിങ്ങളോടാണ് കഷ്ടം തോന്നുന്നത്.”

സാധനങ്ങളും സമ്പത്തുംകൊണ്ട് ജീവിതം നിറയ്ക്കുന്നവരല്ല, നന്മയും സുഹൃദ്ബന്ധങ്ങളും ദൈവചിന്തയും കൊണ്ട് ജീവിതം നിറയ്ക്കുന്നവരാണ് ജീവിതത്തില്‍ വലിയവരാകുന്നത്. ഒരിക്കല്‍ ഒരു പിതാവ് തൻറെ മക്കളുടെ ബുദ്ധിയും കഴിവുമനുസരിച്ച് തൻറെ സ്വത്ത് അവര്‍ക്ക് കൊടുക്കുവാന്‍ തീരുമാനിച്ചു. അവന്‍ തൻറെ മക്കള്‍ രണ്ടുപേരെയും വിളിച്ച് നൂറു രൂപ വീതം കൊടുത്തിട്ടു പറഞ്ഞു. നിങ്ങൾ ഈ പണം ഉപയോഗിച്ച് ഓരോ മുറി നിറയ്ക്കണം. മുറി നിറയ്ക്കാന്‍ എന്തുകാര്യവും ഉപയോഗിക്കാം. 100 രൂപയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം ഒന്നാമന്‍ നൂറുരൂപ കൊടുത്ത് ചപ്പുചവറുകള്‍ വാങ്ങി മുറി നിറച്ചു. രണ്ടാമന്‍ കടയില്‍ പോയി ഒരു തിരിയും അഗര്‍ബത്തിയും സുഗന്ധതൈലവും വാങ്ങി വന്നു. മുറിയില്‍ തിരികത്തിച്ച് വച്ച് പ്രകാശം കൊണ്ടുനിറച്ചു. അഗര്‍ബത്തി കത്തിച്ചുവച്ച് സുഗന്ധപൂരിതമായ പുകകൊണ്ട് മുറി നിറച്ചു. വാസനതൈലക്കുപ്പി തുറന്നുവച്ച് പരിമളം മുറിയിലുടനീളം നിറച്ചു. ബാക്കി വന്ന പണം പിതാവിനു തിരികെയും കൊടുത്തു. ദുര്‍ഗന്ധം വമിക്കുന്ന ഒന്നാമൻറെ മുറി പിതാവില്‍ അറപ്പ് ഉളവാക്കിയപ്പോള്‍ സുഗന്ധവും പ്രകാശവും നിറച്ച രണ്ടാമന്റെ മുറി പിതാവിന്റെ മനം കുളിര്‍പ്പിച്ചു. സമ്മാനവും സ്വത്തിന്റെ കൂടിയ ഓഹരിയും അവനു ലഭിച്ചു. ലൗകിക സമ്പത്തിൻറെയും സന്തോഷത്തിൻറെയും പുറകെ പോയി ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തുന്നവരാകാതെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതിൻറെ നന്മയും സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്നവരാകണം നാം.

ഈ ലോകജീവിതത്തിന് പണവും സമ്പത്തും വേണം – ആവശ്യത്തിനുമാത്രം. ‘അധികമായാല്‍ വിഷമാകുന്ന അമൃതാണത്’. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു, ഒരാള്‍ക്ക് ജീവിതത്തില്‍ എത്ര സ്വത്ത് വേണം? ഗുരു മറുപടി ഒന്നും പറഞ്ഞില്ല, പകരം ഒരു മുട്ട ശിഷ്യൻറെ കയ്യില്‍ വച്ചുകൊടുത്തു. രണ്ടാമതൊന്നു കൂടി കൊടുത്തു, രണ്ടും അവന്‍ കയ്യില്‍ പിടിച്ചു. മൂന്നാമതൊന്നു കൂടി കൊടുത്തു, പിന്നീട് ഓരോന്ന് ഓരോന്നായി ഗുരു ശിഷ്യൻറെ കയ്യില്‍ വച്ചു കൊടുത്തു. ഏഴാമതൊന്ന് കൂടി കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു. ‘ഗുരോ, ഇനി എനിക്ക് ഒന്നുകൂടി കയ്യില്‍ പിടിക്കാനാവില്ല. എങ്കിലും ഗുരു എട്ടാമതൊന്നു കൂടി കൊടുത്തു, അതു കയ്യില്‍ കൊള്ളാതായപ്പോള്‍ ശിഷ്യൻറെ കയ്യില്‍ നിന്ന് താഴെ വീണ് ഉടഞ്ഞുപോയി. ഗുരു ശിഷ്യനോട് പറഞ്ഞു. ‘ഇതുപോലെ തന്നെയാണ് സമ്പത്തിൻറെ കാര്യവും. കയ്യില്‍ കൊള്ളാവുന്നതും ആവശ്യമുള്ളതും മാത്രം ആഗ്രഹിക്കുക”.

തന്നെക്കാള്‍ കൂടുതലുള്ള മറ്റുള്ളവരോട് നടത്തുന്ന അനാവശ്യ താരതമ്യമാണ് പലരേയും ആഗ്രഹത്തിനു കടിഞ്ഞാണില്ലാത്ത മനസുമായി മുമ്പോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. തന്നേക്കാള്‍ വലിയവരോടു തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നതു നിര്‍ത്തി, തങ്ങളേക്കാള്‍ എളിയ ജീവിതം നയിക്കുന്നവരോട് താരതമ്യം ചെയ്യുമ്പോഴാണ് ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നന്മകളെ തിരിച്ചറിയുന്നതും വിലമതിക്കുന്നതും. യാത്രകളില്‍ സാധാരണ പറയാറുള്ള ‘less luggage is more comfort’ എന്ന തത്വം ജീവിതത്തിലും പ്രധാനപ്പെട്ടതാണെന്ന് നാം മറക്കരുത്.

വിളഞ്ഞുകിടക്കുന്ന ഒരു പാടം മുഴുവന്‍ മുമ്പിലുണ്ടെങ്കിലും തനിക്കാവശ്യമായ ഒരു നെല്‍ക്കതിര്‍ മാത്രം കൊത്തിയെടുക്കുന്ന ചെറുകിളികളുടെ മനസാണ് നമുക്ക് പാഠമാവേണ്ടത്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ച യുവാവിനോട് ഈശോ പറഞ്ഞു. ”നിനക്ക് ഒരു കുറവുണ്ട്, പോയി നിൻറെ സമ്പത്ത് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക”. അധികമുള്ള സ്വത്ത് ഒരു മേന്മയായിട്ടല്ല, ഒരു കുറവായിട്ടാണ് ക്രിസ്തുനാഥന്‍ കണക്കാക്കിയത്. അനധികൃതവും അനാവശ്യവുമായ സ്വത്ത് സമ്പാദന ആഗ്രഹവുമായി നടന്ന് 99 ക്ലബ്ബില്‍ ഉള്‍പ്പെടാനും അതുവഴി ഇനി ആര്‍ക്കും ജീവിതം ദുരിതപൂര്‍ണമാവാനും ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, സന്തോഷവും സമാധാനവും നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.