ഫാ.ബിജു കുന്നയ്ക്കാട്ട്

മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ മക്കളാണ്. മക്കള്‍ക്ക് മാതാപിതാക്കളും. ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ഈ ബന്ധത്തില്‍, ചില മാതാപിതാക്കള്‍ മക്കളോടുള്ള തങ്ങളുടെ സമീപനരീതിയിലെ പ്രത്യേകത കൊണ്ട് കൂടുതലായി ശ്രദ്ധിക്കപ്പെടാറുണ്ട്‌. മക്കളുടെ മനസും അഭിരുചികളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മാതാപിതാക്കള്‍ ബാക്കി പല മാതാപിതാക്കള്‍ക്കും മാതൃകയും പ്രചോദനവുമാകുന്നു.

യാസിര്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഈ ദിവസങ്ങളില്‍ സംസാരവിഷയം. ‘രാജന്‍ അബ്രഹാം’ എന്ന ഒരു പിതാവ്, പത്താം ക്ലാസിലെ കണക്കു പരീക്ഷയില്‍ തോറ്റുപോയ മകനെ കുറ്റപ്പെടുത്താതെ ‘സാരമില്ലടാ മോനേ…. നമുക്ക് ഇനിയും സമയമുണ്ടല്ലോ…. എന്റെ കുട്ടി വിഷമിക്കണ്ടാട്ടോ’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുക മാത്രമല്ല, അവന്‍ ആവശ്യപ്പെട്ടിരുന്ന വിലകൂടിയ ഫുട്ബോള്‍ ബൂട്ട് ഗള്‍ഫില്‍ നിന്ന് സുഹൃത്തുവഴി നാട്ടില്‍ തന്റെ മകനെത്തിച്ചു കൊടുക്കുകയും ചെയ്തു. ”കണക്കില്‍ മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ് … കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ”. പന്ത്രണ്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് ജനനത്തെ തുടര്‍ന്ന് ചെറിയ രീതിയില്‍ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ഉണ്ടായിരുന്നിട്ടും സ്പെഷ്യല്‍ സ്‌കൂളില്‍ പോകാതെ സാധാരണ സ്‌കൂളില്‍ പഠിച്ച് കണക്കിനൊഴികെയുള്ള വിഷയങ്ങളിലെല്ലാം തന്റെ മകന്‍ ജയിച്ചത് രാജന്‍ അബ്രഹാമിന് വലിയ കാര്യം തന്നെയായിരുന്നു. ചെറിയ അംഗവൈകല്യമുണ്ടെങ്കിലും പഠനത്തോടൊപ്പം ഫുട്ബോളിലും തന്റെ മകനു താല്‍പര്യമുണ്ടെന്നറിഞ്ഞ ആ പിതാവ് വിലകൂടിയ ബൂട്ട്സ് വാങ്ങി അവനെ പ്രോത്സാഹിപ്പിക്കുന്നു- തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ് ഈ അച്ഛന്‍!

പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ നല്‍കുന്നു. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അന്‍പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുള്ള പശ്ചാത്തലമായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും അളക്കപ്പെടരുത്.

വിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്റെ അമ്മ അദ്ദേഹത്തിന്റെ ജീവിത വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. എഡിസണ്‍ കുട്ടിയായിരുന്നപ്പോള്‍ പഠനത്തില്‍ ഏറെ പിന്നോക്കമായിരുന്നു. ഇതുമനസിലാക്കിയ അധ്യാപകന്‍ അവന്റെ അമ്മയ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ”നിങ്ങളുടെ മകന്‍ പഠിക്കാന്‍ ഏറെ പിറകിലാണ്, പരീക്ഷയില്‍ തോറ്റ് സ്‌കൂളിന് നാണക്കേടുണ്ടാക്കുന്നതിനു പകരം അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്”. കത്തു കണ്ട അമ്മ ഏറെ വിഷമിച്ചെങ്കിലും, കത്തിലെന്താണ് എഴുതിയിരിക്കുന്നതെന്നു തന്നോടു ചോദിച്ച എഡിസനോട് അമ്മ പറഞ്ഞു; ”എഡിസന്റെ കഴിവിനൊത്ത് അവനെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കു പറ്റാത്തതിനാല്‍ അവന്റെ നല്ല ഭാവിക്കായി അവനെ ഈ സ്‌കൂളില്‍ നിന്നു മാറ്റുന്നതായിരിക്കും നല്ലത്, എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നാളെ മുതല്‍ നീ പുതിയ സ്‌കൂളിലാണ് പഠിക്കുന്നത്.”എഴുത്തിലെ സത്യമറിയാതെ അമ്മ പറഞ്ഞതു വിശ്വസിച്ച് എഡിസണ്‍ തന്റെ അഭിരുചിക്ക് ചേര്‍ന്ന മറ്റൊരു സ്‌കൂളില്‍ പഠിച്ചു. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിലായിരുന്നു അവനു താല്‍പര്യം. അതിന് അനുകൂലമായ സ്‌കൂള്‍ സാഹചര്യത്തിലൂടെ പഠിച്ചുവളര്‍ന്ന എഡിസണ്‍ നിരവധി കണ്ടുപിടിത്തങ്ങളുടെ പിതാവായി മാറിയ വിഖ്യാത ശാസ്ത്രജ്ഞനായി മാറി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ മരണാനന്തരം എഡിസണ്‍ അമ്മയുടെ അലമാര പരിശോധിക്കുമ്പോള്‍ പണ്ട് സ്‌കൂളില്‍ നിന്ന് അധ്യാപകനെഴുതിയ കുറിപ്പ് കണ്ടെടുത്തു. അതുവായിച്ച് കണ്ണീരടക്കാനാവാതെ, അന്ന് തന്നെ കുറ്റപ്പെടുത്താതെ തന്റെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വളര്‍ത്തിയ അമ്മയെ ഓര്‍ത്ത് അഭിമാനിച്ചു.

മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു – മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി (Job Satisfaction) ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുക്കേണ്ടി വന്നിട്ട് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.

പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്ഥങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ (Talents) ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ ഇത്തരം കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.

എംപിയും അറിയപ്പെടുന്ന സിനിമാനടനുമായ ശ്രീ. ഇന്നസെന്റിന്റെ ജീവിതവിജയത്തിന്റെ മുഖ്യശില്‍പികളിലൊരാള്‍ തന്റെ അച്ഛനാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. തന്റെ സഹോദരങ്ങളെല്ലാം നല്ലതുപോലെ പഠിക്കുകയും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ ഇന്നസെന്റ് മാത്രം പഠനത്തില്‍ അത്ര മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കുവാന്‍ ചെല്ലാന്‍ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആ നല്ല അച്ഛന്‍ ചെയ്തതോ, മാര്‍ക്ക് കുറഞ്ഞതു കാരണം തന്റെ മകന്‍, പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുവിക്കുവാന്‍ തന്റെയടുത്ത് വരാന്‍ ഭയക്കുന്നു എന്നു മനസിലാക്കിയപ്പോള്‍, അവനറിയാതെ തന്നെ അവന്റെ ബുക്കിനുള്ളില്‍ നിന്ന് പ്രോഗ്രസ് കാര്‍ഡെടുത്ത് ഒപ്പിട്ട് തിരിച്ചുവച്ചു!

മകനെ വെറുതെ കുറ്റപ്പെടുത്താതെ, അവന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറായ ആ നല്ല അച്ഛനെ ശ്രീ. ഇന്നസെന്റ് നന്ദിയോടെ സ്മരിച്ചു.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്? ഗുരു മറുപടി പറഞ്ഞു; ”ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്ഥങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്”. പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.

വാര്‍ഷിക പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. ”പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടികളുടെ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കുകയാണല്ലോ. കുട്ടിയുടെ റിസള്‍ട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ ആധി എനിക്കറിയാം. പക്ഷേ ഒരു കാര്യം ഓര്‍മ്മിക്കുക – പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കിടയില്‍ –
* കണക്ക് മനസിലാക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു കലാകാരനുണ്ട്.
* ചരിത്രത്തെയും ഇംഗ്ലീഷിനെയും ഗൗരവത്തിലെടുക്കാത്ത ഒരു സംരംഭകന്‍ ഉണ്ട്.
* കെമിസ്ട്രിക്ക് ലഭിക്കുന്ന മാര്‍ക്ക് കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലാത്ത ഒരു സംഗീത പ്രതിഭയുണ്ട്
ഫിസിക്സിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കേണ്ട ഒരു കായിക താരം ഉണ്ട്.

നിങ്ങളുടെ കുട്ടി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ തീര്‍ച്ചയായും അതൊരു സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ അവരുടെ ആതമവിശ്വാസത്തെയും ആത്മാഭിമാനത്തെയും അവരില്‍നിന്ന് തട്ടിപ്പറിക്കരുത്. സാരമില്ല, അതൊരു പരീക്ഷ മാത്രമായിരുന്നു എന്ന് അവരെ ആശ്വസിപ്പിക്കുക. അതിലും വലിയ കാര്യങ്ങള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ ചെയ്യാനുണ്ട് എന്നുമാത്രം പറയുക. അത്രമാത്രം മതി. അവര്‍ ലോകം കീഴടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അവരുടെ സ്വപ്‌നങ്ങളെയും കഴിവുകളെയും ഇല്ലാതാക്കാന്‍ ഒരു പരീക്ഷയ്ക്കും ഒരു മാര്‍ക്കിനും സാധിക്കില്ല. ഒരു കാര്യം കൂടി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല ഈ ലോകത്ത് സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതെന്ന് നിങ്ങള്‍ അറിയുക.

പല നിറത്തിലുള്ള പൂക്കള്‍ ഒരു തോട്ടത്തിന് കൂടുതല്‍ ചാരുത നല്‍കുന്നതുപോലെ വിവിധ കഴിവുകളാല്‍ ശോഭിക്കുന്നവരെക്കൊണ്ട് ഈ ലോകത്തിനും ഭംഗി വര്‍ദ്ധിക്കട്ടെ. നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് ജീവിതവിജയം നേടാന്‍ ഇടയാകട്ടെ. ”നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തമാണ് (റോമ: 12: 6)

പരീക്ഷാക്കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും വിജയം ആശംസിക്കുന്നു. പരീക്ഷയില്‍ തോറ്റാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കുന്നതാണ് പ്രധാനം എന്നത് മറക്കാതിരിക്കാം. നന്മ നിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു.

സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.