സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് കരകയറിവരുന്ന ബ്രിട്ടൻ കൂടുതൽ ലോക്ക്ഡൗൺ ലഘൂകരണങ്ങളുടെ പാതയിലാണ്. നാളെ മുതൽ ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഹെയർ സലൂണുകളും തുറന്ന് പ്രവർത്തിക്കും. ഏകദേശം 100 ദിവസത്തിന് ശേഷം ഇതൊക്കെയും തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുമ്പോൾ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഗവൺമെന്റിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് പ്രോഗ്രാമിന്റെ ഭാഗമായി കടയിൽ എത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കേണ്ടതുണ്ട്. ഹെയർഡ്രെസ്സർമാർക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും ക്യു ഉണ്ടെങ്കിൽ അത് കടയുടെ വെളിയിൽ മാത്രമായി നിയന്ത്രിക്കണം. ബിങ്കോ ഹാളുകളും കമ്മ്യൂണിറ്റി സെന്ററുകളും വീണ്ടും തുറക്കാൻ അനുവദിക്കും. ഒപ്പം ആളുകൾക്ക് ക്യാമ്പ് സൈറ്റുകളിൽ രാത്രി താമസിക്കാൻ അനുവാദമുണ്ട്. 30 പേർ ഉൾപ്പെടുന്ന വിവാഹച്ചടങ്ങും വരും ദിവസങ്ങളിൽ നടത്താമെങ്കിലും ഗാനാലാപനം പാടില്ല. ആളുകൾ മറ്റുള്ളവരുമായി ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താൻ ഇപ്പോഴും നിർദ്ദേശിക്കുന്നുണ്ട്.

ഔട്ട്‌ഡോർ ജിമ്മുകളും കളിസ്ഥലങ്ങളും ഉപയോഗിക്കാം. ഒപ്പം മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കും. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന കർശന നിർദേശവുമുണ്ട്. വീണ്ടും തുറക്കുന്ന എല്ലാ സ്ഥലങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാൻ ആളുകൾക്ക് ഇപ്പോഴും അനുവാദമില്ല. തിയേറ്ററുകൾക്കും ഹാളുകൾക്കും കർശനമായ ഉപാധികളോടെ മാത്രമേ പ്രവർത്തിക്കാനാകൂ. ഇൻഡോർ ജിമ്മുകൾ, സ്പാ, കാസിനോ, നെയിൽ ബാറുകൾ, ടാറ്റൂ പാർലറുകൾ, മസാജ് പാർലറുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവയ്ക്ക് നാളെ തുറന്ന് പ്രവർത്തിക്കുവാൻ കഴിയില്ല. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ബിസിനസുകൾക്ക് നോട്ടീസ് നൽകുമെന്നും അതിനെത്തുടർന്ന് പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. പൊതുഗതാഗതത്തിൽ മാസ്ക് ധരിക്കാത്തവർക്കും പിഴ ഈടാക്കും.

അതേസമയം സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ ജൂലൈ 10 മുതൽ ഐസൊലേഷനിൽ കഴിയേണ്ടതില്ല എന്ന് സർക്കാർ അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ലാത്തത് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണെന്നതിൽ വ്യക്തതയില്ല. എന്നാൽ ഇന്നുതന്നെ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എങ്കിലും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ എല്ലാവരും തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ എഴുതി നൽകേണ്ടതുണ്ട്. പുതിയ യാത്രാ മാർഗനിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. സ്‌ കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഈ ക്വാറന്റൈൻ ഇളവ് ബാധകമല്ല.