സൂപ്പര്‍ബഗ്ഗുകള്‍ ബ്രിട്ടീഷ് ആശുപത്രികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. സിസേറിയന്‍, ഇടുപ്പ് ശസ്ത്രക്രിയ തുടങ്ങിയ സാധാരണ പ്രൊസിജ്യറുകള്‍ പോലും സുരക്ഷിതമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമാകുന്നതെന്ന് പ്രൊഫ.ഡെയിം സാലി ഡേവിസ് പറഞ്ഞു. ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധം നേടിയ രോഗാണുക്കളുടെ സാന്നിധ്യം വളരെ ഉയര്‍ന്നതാണെന്നും അവര്‍ വ്യക്തമാക്കി. സൂപ്പര്‍ബഗ്ഗുകളെ കീഴടക്കുന്നതിനായി ആധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങളും മരുന്നുകളും ഏര്‍പ്പെടുത്താന്‍ 30 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലൂടെ ഹെല്‍ത്ത് സര്‍വീസിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയെയാണ് ആരോഗ്യ മേഖല നേരിടാനിരിക്കുന്നതെന്നും ആന്റിബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രത്തിനും എന്‍എച്ച്എസിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഡെയിം സാലി പറഞ്ഞു. ചെറിയ മുറിവുകളും അണുബാധകള്‍ പോലും ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സിസേറിയന്‍, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കീമോതെറാപ്പി മുതലായവ രോഗികള്‍ക്ക് അപകടകരമാകുമെന്നും അവര്‍ പറഞ്ഞു.

മരുന്നുകളോട് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം ലോകമൊട്ടാകെ 7 ലക്ഷം പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 5000 മരണങ്ങള്‍ യുകെയില്‍ മാത്രമാണ് ഉണ്ടാകുന്നത്. ഈ രോഗാണുക്കളെ ചെറുക്കാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. സൂപ്പര്‍ബഗ്ഗുകളുടെ സാന്നിധ്യം അവഗണിച്ചാല്‍ 2050ഓടെ അവ 10 മില്യന്‍ ആളുകളെ കൊന്നൊടുക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്‍ മേധാവി ലോര്‍ഡ് ഒ’നീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.