ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി സ്റ്റേ. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര വിജിലന്‍്‌സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.

ജഡ്ജിമാര്‍ക്കെതിരെ അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.