മുളന്തുരുത്തി: അന്ധനായ മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവിന് സിനിമാതാരവും എം.പി.യുമായ സുരേഷ് ഗോപിയുടെ സഹായമെത്തി. ജപ്തിഭീഷണിയിലായിരുന്ന വാസുവിന്റെ കുടുംബത്തിന്റെ കടം സുരേഷ് ഗോപി എം.പി. വീട്ടുകയായിരുന്നു. ബാങ്കില്‍ നിന്ന് 2009-ല്‍ എടുത്ത വായ്പയില്‍ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വെള്ളിയാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് വഴി സുരേഷ് ഗോപി എം.പി. മുളന്തുരുത്തി സഹകരണ ബാങ്കിലെത്തിച്ചു. വാസുവിന്‍റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങള്‍ വഴി അറിഞ്ഞ സുരേഷ് ഗോപി സഹായം നല്‍കുകയായിരുന്നു.

വീടുനിര്‍മിക്കാന്‍ മുളന്തുരുത്തി സഹകരണ ബാങ്കില്‍ നിന്ന് മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവും ഭാര്യ സാവിത്രിയും ചേര്‍ന്ന് 2009-ലാണ് വായ്പയെടുത്തത്. ഭാര്യ മരിച്ചതോടെ കുടുംബത്തിനു നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളില്‍ വായ്പാ തിരിച്ചടവു മുടങ്ങി. കുടിശ്ശിക കുന്നുകൂടിയതോടെ അന്ധനായ വാസുവും അവിവാഹിതയായ മകളും ജപ്തിഭീഷണിയിലായി. വീട് ബാങ്കുകാരെടുക്കുമെന്ന ഭീഷണിയില്‍ മാനസിക സമ്മര്‍ദത്തിലായി കുടുംബം. മാധ്യമ വാര്‍ത്തകളിലൂടെ വാസുവിന്റെയും കുടുംബത്തിന്റെയും കരളലിയിക്കുന്ന സ്ഥിതിയറിഞ്ഞ സുരേഷ് ഗോപി എം.പി. സഹായമെത്തിക്കാന്‍ മുന്നോട്ടു വരികയായിരുന്നു.

സുരേഷ് ഗോപി പണം എത്തിച്ച് നല്‍കിയതിനെ തുടര്‍ന്ന് ബാങ്കധികൃതര്‍ വീടിന്റെയും പുരയിടത്തിന്റെയും ആധാരം വാസുവിന്റെ വീട്ടിലെത്തി തിരിച്ചുനല്‍കി. മൊത്തം കടബാധ്യത ആയിരുന്ന രണ്ടര ലക്ഷം രൂപയില്‍ അന്‍പതിനായിരം രൂപ ബാങ്കധികൃതര്‍ ഇളവ് ചെയ്തു നല്‍കുകയും ചെയ്തു. പുറത്തുനിന്നാരെങ്കിലും ചെന്നാല്‍ ബാങ്കുകാര്‍ ജപ്തിക്കായി വന്നതാണെന്ന് ഭയപ്പെട്ടിരുന്ന കുടുംബം, വെള്ളിയാഴ്ച ബാങ്കില്‍ നിന്ന് ആധാരം തിരിച്ചുനല്‍കാനെത്തിയവരെ ആനന്ദാശ്രുക്കളോടെ മടക്കി.

ബാങ്ക് പ്രസിഡന്റ് സി.ജെ കുര്യാക്കോസ്, സെക്രട്ടറി വിജി കെ.പി, ഡയരക്ടര്‍ ബോര്‍ഡംഗം രതീഷ്‌ കെ ദിവാകരന്‍, എന്നിവര്‍ ചേര്‍ന്ന് ആണ് വാസുവിനും കുടുംബത്തിനും ആധാരം തിരികെ നല്‍കിയത്. ബാങ്ക് സെക്രട്ടറിയായ വിജി കെ.പി. യുകെയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനാണ്. വിജി കെപി യുക്മയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശക്തമായ അടിത്തറയില്‍ വളര്‍ന്നു വന്ന യുക്മ യുകെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമായിരുന്നത്.