മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍

വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അല്‍പം അതിഭാവുകത്വത്തോടെയാണെങ്കിലും പലരും പറയുന്നത് നാളെകളില്‍ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇന്ത്യന്‍ കമ്പനികളില്‍ ജോലി ലഭിച്ച് ഇന്ത്യന്‍ വിസക്കായി കാത്തിരിക്കുന്ന ഒരു കാലം വരുമെന്നാണ്. പ്രവചനം യാഥാര്‍ത്ഥ്യമാക്കി ഒരു ലണ്ടന്‍ മലയാളി ഇംഗ്ലണ്ടിലെ തന്റെ മികച്ച ജോലി ഉപേക്ഷിച്ച് കേരളത്തിലെ കൊല്ലത്ത് ജോലിക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. ബിബിസിയുടെ ‘മാസ്റ്റര്‍ ഷെഫ്’ പാചക പരിപാടിയിലൂടെ പ്രശസ്തനായ ലണ്ടന്‍ മലയാളി സുരേഷ് പിള്ളയാണ്. ലണ്ടനിലെ തന്റെ ജോലി ഉപേക്ഷിച്ച് പ്രശസ്ത വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം രാവിസിലെ എക്സിക്യൂട്ടീവ് ഷെഫായി ജോലിക്ക് ചേര്‍ന്നത്. കൊല്ലം സ്വദേശിയായ സുരേഷിനിത് ജന്മനാട്ടിലേക്കുളള മടങ്ങിപ്പോക്കാണ്.

യുകെയിലും യൂറോപ്പിലും ധാരാളം പ്രേക്ഷകരുള്ള ലോക പ്രശസ്ത പാചക മത്സരത്തില്‍ മത്സരിച്ച ഏക മലയാളിയാണ് സുരേഷ് പിള്ള. ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്നാണ് ബിബിസിയുടെ പരിപാടിക്ക് സുരേഷിന് അവസരം ലഭിച്ചത്. പുളിയിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയാണ് സുരേഷ് കേരളത്തിന്റെ തനതു വിഭവമായി ബിബിസിയുടെ പാചക പരിപാടിയില്‍ അവതരിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തിലും കേരളാ പാരമ്പര്യത്തിലും അഭിമാനിക്കുന്ന സുരേഷിന് ബിബിസി പരിപാടിയില്‍ മീന്‍ കറിയുണ്ടാക്കാന്‍ പ്രചോദനമായത് തന്റെ അമ്മയാണ്.

കഴിഞ്ഞ 13 വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന സുരേഷ് പിള്ളയുടെ കൈപുണ്യം അറിഞ്ഞവരാണ് റോജര്‍ ഫെഡറര്‍, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രശസ്തര്‍. എന്തായാലും ഇനിയും സുരേഷിന്റെ വിഭവങ്ങളുടെ രുചിയറിയുന്നതിനുള്ള ഭാഗ്യം കൊല്ലം രാവിസിലെ അതിഥികള്‍ക്കാണ്.