വാഹനാപകടത്തില്‍ മരിച്ചുവെന്ന് സോഷ്യല്‍മീഡിയ വിധിയെ‍ഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ജീവനോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ മരിച്ചിട്ടില്ലെന്നും ദേവകൃപയാല്‍ സുഖമായിരിക്കുന്നുവെന്നും റെയ്ന പറഞ്ഞു. സുരേഷ് റെയ്ന വാഹനാപകടത്തില്‍പ്പെട്ടെന്ന് വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിന് കീ‍ഴടങ്ങിയെന്നും പ്രചാരണമുണ്ടായി.

യുട്യൂബില്‍ റെയ്ന മരിച്ചതായി വിഡിയോകളും പ്രചരിച്ചിരുന്നു. താരങ്ങളോടൊപ്പമുളള റെയ്നയുടെ ചില ചിത്രങ്ങളും വ്യാജവാര്‍ത്തയുടെ വിശ്വാസ്യതയ്ക്കായി മോര്‍ഫിംഗ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് റെയ്ന നേരിട്ട് പ്രതികരിച്ചത്.
ഒരു കാറപകടത്തില്‍ എനിക്ക് പരിക്കേറ്റതായി ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജപ്രചരണം ശക്തമാകുന്നുണ്ട്.

ഈ തട്ടിപ്പ് വാര്‍ത്ത നിമിത്തം എന്‍റ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥമാണ്. ഇത്തരം വാര്‍ത്തകള്‍ ദയവ് ചെയ്ത് അവഗണിക്കുക. ദൈവത്തിന്‍റെ കൃപയാല്‍ സുഖമായിരിക്കുന്നു. വ്യാജപ്രചരണം നടത്തിയ യുട്യൂബ് ചാനലുകളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-റെയ്ന ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കാന്‍ ഒരുങ്ങുന്പോ‍ഴാണ് വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.