ന്യൂസ് ഡെസ്ക്

സർജറിക്കിടയിൽ രോഗിയുടെ കരളിൽ ആർഗൺ ബീം ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യലുകൾ എഴുതിച്ചേർത്ത സർജന്  പിഴയും കമ്യൂണിറ്റി സർവീസും ശിക്ഷ വിധിച്ചു. 2013 ൽ  ബിർമ്മിങ്ങാം ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. സർജറി നടത്തിയ സർജൻ സൈമൺ ബ്രാമോൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് കോടതി കണ്ടെത്തി. 10,000 പൗണ്ട് ഫൈനടയ്ക്കുന്നതിന് പുറമേ 12 മാസം കമ്യൂണിറ്റി സർവീസുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  രോഗിക്ക് സർജൻ ബ്രാമോൾ ലിവർ ട്രാൻസ്പ്ലാന്റ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ലിവർ തകരാറിലാവുകയും മറ്റൊരു സർജൻ നടത്തിയ പരിശോധനയിൽ സൈമൺ ബ്രമോളിന്റെ ഇനിഷ്യലായ SB ലിവറിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

2014ൽ ബ്രമോൾ ജോലി രാജി വച്ചിരുന്നു. എല്ലാവരുടെയും ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു സൈമണിന്റെത്. രോഗിയുടെ കരളിൽ പേര് ആലേഖനം ചെയ്തത്  പദവിയുടെ ദുരുപയോഗമാണെന്നും മെഡിക്കൽ എത്തിക്സിന് എതിരാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സർജറിയിൽ സഹായിച്ച നഴ്സ് ഇക്കാര്യം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. താൻ അങ്ങനെ ചെയ്യാറുള്ളതാണെന്ന് സൈമൺ നഴ്സിന് മറുപടി നല്കിയെന്നും കോടതിയിൽ വെളിപ്പെടുത്തപ്പെട്ടു. അപൂർവ്വമായ കേസായാണ് കോടതി ഇതിനെ കണക്കാക്കിയത്. സൈമണിന് പ്രാക്ടീസ് തുടരാനാവുമോ എന്ന കാര്യം ജനറൽ മെഡിക്കൽ കൗൺസിൽ തീരുമാനിക്കും.