ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ കുടുംബാംഗങ്ങളും സിനിമാ പ്രേമികളും വേദനയിലാണ്. ജൂൺ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ ബാന്ദ്രയിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത ഒരാൾ കൂടിയുണ്ട്, നടന്റെ വളർത്തു നായ ഫഡ്ജ്.

സുശാന്ത് പോയതറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ കണ്ണു നിറയ്ക്കുന്നത്. ഫോണിന്റെ സ്ക്രീനിൽ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയിൽ കിടക്കുന്നതിന്റെയും ചിത്രങ്ങൾ നടൻ മൻവീർ ഗുർജർ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

പട്ന സ്വദേശിയായ സുശാന്ത് ഡൽഹിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.

ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.