പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ തെരച്ചില്‍ തുടരുന്നതിനിടെ ഒരു മൃതദേഹവും കൂടി ലഭിച്ചതായി റിപ്പോര്‍ട്ട്. ആറാമത്തെ ഭീകരന്റെ ശരീരമാണ് ഇതെന്നാണ് നിഗമനം. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദേശീയ സുരക്ഷാ ഗാര്‍ഡ്‌സിന്റെ തെരച്ചില്‍ 77 മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ ഇന്നു പുലര്‍ച്ചെയും വെടിയൊച്ചകള്‍ കേട്ടതായാണ് വിവരങ്ങള്‍. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കര നാവിക വ്യോമ സേനാ തലവന്‍മാര്‍ എന്നിവരുടെ സംഘം ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിക്കുന്നുണ്ട്.
ഇന്നലെവരെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ കൊലപ്പെടുത്തിയതായി എന്‍എസ്ജി ഔദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചിരുന്നു. കൂടാതെ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന യുണൈറ്റഡ് ജിഹാദി കൗണ്‍സിലിന്റെ അവകാശവാദവും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.പാകിസ്താനിലെയും, കശ്മീരിലെയും പതിമൂന്ന് സംഘടനകളുടെ കൗണ്‍സിലായ യുണൈറ്റഡ് ജിഹാദി ഇന്നലെ വൈകിട്ടാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്.

തീവ്രവാദികള്‍ തട്ടിയെടുത്തു എന്നു പറയപ്പെടുന്ന കാറില്‍ സഞ്ചരിച്ചിരുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, പാചകക്കാരന്‍ മദന്‍ഗോപാല്‍ എന്നിവരില്‍ നിന്നും എന്തെങ്കിലും സഹായം തീവ്രവാദികള്‍ക്ക് കിട്ടിയിരുന്നോ എന്നറിയാനും എന്‍ഐഎ ശ്രമിക്കുന്നുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണം നടത്താനെത്തിയ തീവ്രവാദികള്‍ തങ്ങളെ തട്ടിക്കൊണ്ടു പോകുകയും തുടര്‍ന്ന് വനത്തില്‍ തങ്ങളെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്‌തെന്നാണ് ഇവര്‍ അറിയിച്ചത്.

ഈ വാഹനത്തിലാണ് വ്യോമതാവളത്തിന് ഒന്നരകിലോമീറ്റര്‍ അടുത്ത് വരെ ഭീകരര്‍ എത്തിയത്. അതേസമയം കാര്‍ തടഞ്ഞുനിര്‍ത്തി തന്റെ കണ്ണുകള്‍ ഭീകരര്‍ കെട്ടിയതിനാല്‍ ഒന്നും കാണാനായില്ലെന്നും, അഞ്ചുപേരോളമുണ്ടായിരുന്ന ഭീകരരുടെ കൈയില്‍ എകെ 47 തോക്കുകള്‍ ഉണ്ടായിരുന്നെന്നും, അവര്‍ ഉറുദുവിലും, ഹിന്ദിയിലും, പഞ്ചാബിയിലുമാണ് സംസാരിച്ചിരുന്നതെന്നുമാണ് എസ്പി സല്‍വീന്ദര്‍ സിങ് വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെ വധിച്ചതായും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ മരിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്റെ മൃതദേഹം പാലക്കാട്ടെ എളമ്പുലാശേരിയിലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്‌ക്കരിച്ചു.