സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഇരുവരേയും എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ചേക്കും. സ്വപ്നയുടേയും സന്ദീപിന്റേയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരു കോറമംഗല 7 ബ്ലോക്ക് അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സ്വപ്ന സുരേഷിനെ ഇന്നലെ രാത്രി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ബംഗളൂരുവിലെത്തിയിരുന്നു. രാത്രി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.

ബംഗളൂരുവില്‍ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണോ വിമാനമാര്‍ഗമാണോ ഇവരെ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല. കൊച്ചിയിലെത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.

സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കിയതായി എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എങ്ങനെ സംസ്ഥാനം വിടാൻ കഴിഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇവർക്ക് പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സ്വപ്‌ന ബംഗളൂരുവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നുവെന്നും മകളുടെ ഫോണ്‍ ഓണായിരുന്നത് സ്വപ്നയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍ഐഎ സംഘം ഇത് നിഷേധിച്ചതായും കുടുംബം ഒപ്പമുണ്ടായിരുന്നില്ലെന്നുമുള്ള വിവരവും വരുന്നുണ്ട്. സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ആരാണ് വിളിച്ചത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് അഭിഭാഷകനാണ് എന്നായിരുന്നു സഹോദരന്റെ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഈ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സന്ദീപിലേക്കെത്താന്‍ സഹായിച്ചത്.