സ്വപ്ന സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന് വിവാഹ ചടങ്ങിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തൽ. ബോഡിഗാർഡുമാരെന്ന പേരിൽ സ്വപ്നയ്ക്കൊപ്പമുളളത് ഗുണ്ടകളാണ്. സഹോദരന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സ്വപ്ന മർദിച്ചത്. സരിത്തും സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡിഗാർഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജൻ വിവാഹം കഴിച്ചത്. ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും ദുബായിലുള്ള സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മർദിച്ചത്. ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ശിവശങ്കർ റിസപ്ഷന്റെ തുടക്കം മുതൽ അവസാനം വരെ സജീവമായുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു.

മർദിക്കുന്നതിനൊപ്പം സ്വപ്ന അസഭ്യ വിളിക്കുകയും ചെയ്തു. അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മയുടെ കഴുത്തിൽ കയറിപ്പിടിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. കേസുമായി മുന്നോട്ടുപോയാൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് സ്വപ്ന പിന്നീട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.

സ്വപ്ന സുരേഷിന്റെ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്നയും കൂട്ടാളികളും ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി പുറത്തുവന്നിരുന്നു. 2019 ഡിസംബര്‍ ഏഴിനായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്‌ന രണ്ടാം പ്രതിയാണ്. പി.എസ്.സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.സംഭവം.