സ്റ്റോക്ക് ഹോം: മൈനിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഓടിയെത്തുന്നത് ഇരുമ്പ്, സ്വര്‍ണ്ണം, കല്‍ക്കരി തുടങ്ങിയവ ഖനനം ചെയ്തെടുക്കുന്ന സംവിധാനം ആയിരിക്കും. എന്നാല്‍ സാമ്പത്തിക രംഗത്ത് ഇന്ന് ‘മൈനിംഗ്’ വഴി ഖനനം ചെയ്തെടുക്കുന്നത് യഥാര്‍ത്ഥ പണം തന്നെയാണ്. സാങ്കേതിക വിദ്യ വളര്‍ന്നതിലൂടെ ആണ് കറന്‍സി മൈന്‍ ചെയ്തെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ബിറ്റ് കോയിന്‍ ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതിലൂടെയാണ് കറന്‍സി ഖനനം ചെയ്തെടുക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോകത്തിലെ പ്രധാനപ്പെട്ട പല സാമ്പത്തിക സ്ഥാപനങ്ങളുടെയും ആസ്ഥാന കേന്ദ്രമായ സ്വീഡന്‍ തന്നെയാണ് ഈ പുതിയ സാമ്പത്തിക വിപ്ലവമായ ബിറ്റ് കോയിന്‍ ഖനനത്തിലും നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള ബിറ്റ് കോയിന്‍ മാര്‍ക്കറ്റിലെ അതികായന്മാരായി സ്വീഡന്‍ വളര്‍ന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. പരമ്പരാഗത കറന്‍സികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ആദ്യം മടിച്ച് നിന്ന രാജ്യങ്ങള്‍ എല്ലാം ഇന്ന് ഈ ക്രിപ്റ്റോ കറന്‍സിക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് കാണുന്നത്. 

സ്റ്റോക്ക് ഹോം സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിറ്റ് കോയിന്‍ ആന്‍ഡ്‌ അദര്‍ ക്രിപ്റ്റോ കറന്‍സീസ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ക്ലെയര്‍ ഇന്‍ഗ്രാം ബോഗസിന്റെ നിരീക്ഷണത്തില്‍ സ്വീഡന്‍ ഈ രംഗത്ത് ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.

2009ല്‍ ആണ് ബിറ്റ് കോയിന്‍ എന്ന നൂതന ഡിജിറ്റല്‍ കറന്‍സി ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടത്. പിയര്‍ റ്റൂ പിയര്‍ നെറ്റ് വര്‍ക്കിംഗ് അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെയാന്‍ ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി വിനിമയം ചെയ്യപ്പെടുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങുന്നതോടെ ലോകവ്യാപകമായി ബിറ്റ് കോയിന്‍ വിനിമയോപാധിയായി മാറുമെന്ന് കരുതപ്പെടുന്നു. ഏതായാലും കറന്‍സി വിനിമയ രംഗത്തെ  പുതിയ വിപ്ലവത്തിന് ചുവപ്പ് പരവതാനി വിരിച്ച സ്വീഡന്‍ ഈ രംഗത്ത് വളരെയേറെ മുന്നേറിക്കഴിഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്വീഡനുള്ള മേല്‍ക്കോയ്മ തന്നെയാണ് ക്രിപ്റ്റോ കറന്‍സി വിനിമയ രംഗത്ത് പെട്ടെന്ന് മുന്നേറാന്‍ സ്വീഡനെ സഹായിച്ചത്. സാങ്കേതിക കാര്യങ്ങളിലെ അറിവ് നിര്‍ണ്ണായകമായി മാറിയിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ കറന്‍സി പോലുള്ള വിനിമയ മാര്‍ഗ്ഗത്തെ സാമ്പത്തിക രംഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ഒരു ജനതയ്ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നടത്തുന്ന ബിറ്റ് കോയിന്‍ വിനിമയം തിരുത്തുവാനോ പിന്‍വലിക്കുവാനോ കഴിയില്ല എന്നതിനാല്‍ ഇതിന് മറ്റ് തരത്തിലുള്ള വിനിമയ സംവിധാനങ്ങളെക്കാള്‍ വിശ്വാസ്യതയും  സുരക്ഷിതത്വവും ഉണ്ട് താനും. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ ക്രിപ്റ്റോ കറന്‍സി വിനിമയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിംഗ് പോലുള്ള രംഗങ്ങളിലും ഉപയോഗിച്ച് സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുത്തന്‍ കാല്‍വയ്പ് തന്നെയാണ്.