ധ്യാനകേന്ദ്രത്തിന്‍റെ മറവില്‍ തട്ടിപ്പ് നടത്തിയ യുകെ മലയാളിക്ക് ജയില്‍ശിക്ഷ; ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ച് കൈക്കലാക്കിയത് എഴുപതിനായിരം പൗണ്ട്

ധ്യാനകേന്ദ്രത്തിന്‍റെ മറവില്‍ തട്ടിപ്പ് നടത്തിയ യുകെ മലയാളിക്ക് ജയില്‍ശിക്ഷ; ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ച് കൈക്കലാക്കിയത് എഴുപതിനായിരം പൗണ്ട്
November 13 11:42 2018 Print This Article

മിഡില്‍സ് ബറോ: യുകെയില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതിമാരെ വഞ്ചിച്ച് വന്‍ തുക കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയ്ക്ക് ജയില്‍ ശിക്ഷ. മിഡില്‍സ് ബറോയില്‍ താമസിക്കുന്ന നൈനാന്‍ മാത്യു വര്‍ഗീസിനെയാണ് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ വിധിച്ചത്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ യുകെയിലെ ശാഖയായ ഡാര്‍ലിംഗ്ടന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചെന്ന ഡോക്ടര്‍ ദമ്പതികളാണ് നൈനാന്‍ മാത്യുവിന്‍റെ വഞ്ചനയ്ക്ക് ഇരയായത്. ഈ ധ്യാനകേന്ദ്രത്തില്‍ ഗാന ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നൈനാന്‍ മാത്യു ഇവരുമായി പരിചയപ്പെട്ട് ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷം ആയിരുന്നു ഇവരെ കബളിപ്പിച്ചത്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ഇയാള്‍ക്ക് ഇവരുടെ വിശ്വാസം പിടിച്ച് പറ്റുക വളരെ എളുപ്പമായിരുന്നു.

പരാതിക്കാരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ പരിചയക്കാരനായ മറ്റൊരാളുടെ പ്രോപ്പര്‍ട്ടി കാണിക്കുകയും ഇത് ലാഭകരമായി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. വിശ്വാസം കൈവരിക്കാനായി ഒരു ന്യൂസ് ഏജന്‍സിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം ഒരു തുക കൈപ്പറ്റുകയും ഇതിന്‍റെ ലാഭവിഹിതമായി നാലായിരം പൗണ്ട് തിരികെ നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ഒരു പ്രോപ്പര്‍ട്ടി ചെറിയ വിലയ്ക്ക് ലഭ്യമാണെന്നും ഇത് വാങ്ങിയാല്‍ വന്‍തുക ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ച് ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും എഴുപതിനായിരം പൗണ്ട് ഇയാള്‍ കൈപ്പറ്റിയത്. ഇയാളെ വിശ്വസിച്ച പരാതിക്കാര്‍ തങ്ങളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ലോണ്‍ എടുത്ത തുകകളും ഒക്കെ ചേര്‍ത്താണ്  ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനായി കണ്ടെത്തിയത്. എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വഭാവം മാറ്റുകയായിരുന്നു.

പണം ലഭിക്കുന്നത് വരെ ഇവരുടെ കുടുംബത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തി വന്നിരുന്ന നൈനാന്‍ മാത്യു പിന്നീട് ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത അവസ്ഥയായി. എന്നാല്‍ തുടര്‍ന്നും ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന ഇയാളെ പരാതിക്കാര്‍ അവിടെ പോയി കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അതേ സമയം തന്നെ ഇവരില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ഇവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന പ്രോപ്പര്‍ട്ടിയില്‍ സ്വന്തം പേരില്‍ ബിസിനസ് ആരംഭിച്ച് കഴിഞ്ഞിരുന്നു.

ഇക്കാര്യം മനസ്സിലാക്കിയതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്നു പരാതിക്കാര്‍ക്ക് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഫലം കാണുകയായിരുന്നു. കേസ് രേഖകള്‍ പരിശോധിച്ച കോടതിക്ക് നൈനാന്‍ മാത്യു പരാതിക്കാര്‍ക്ക് ഇത്രയും തുക നല്‍കാനുണ്ടെന്നു ബോധ്യപ്പെടുകയും അത് നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതി നൈനാൻ മാത്യുവിന്റെ വസ്തുവകകൾ  പിടിച്ചെടുക്കുകയും  പാപ്പരാക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പരാതിക്കാര്‍ക്ക് വേണ്ടി ബൈജു വര്‍ക്കി തിട്ടാല, ആന്‍ഡ്രൂ പൈക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി. മിഡില്‍സ് ബറോ കോടതിയില്‍ ആയിരുന്നു നിയമനടപടികള്‍ നടന്നത്.

തുടര്‍ന്നും ക്രിമിനല്‍ കേസുമായി മുന്‍പോട്ടു പോയ ഡോക്ടര്‍ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ഇപ്പോള്‍ മാത്യു നൈനാന്‍ വര്‍ഗീസിന് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ വിധിച്ചത്. താന്‍ ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത മാത്യു നൈനാന്‍ ഇരയാക്കപ്പെട്ട ദമ്പതികളോട് കാണിച്ചത് കൊടിയ വഞ്ചനയും ക്രൂരതയുമാണെന്ന് ജഡ്ജി തന്റെ വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.  ഇവരുടെ വിശ്വാസത്തെയും മതപരമായ പ്രവര്‍ത്തനങ്ങളെയും മുതലെടുത്ത്‌ ദൈവത്തിന്‍റെ പേര് പറഞ്ഞ് വഞ്ചന നടത്തിയ മാത്യു നൈനാന്‍ മുന്‍പും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നതും കോടതി നിരീക്ഷിച്ചു.

90000 പൌണ്ടോളം കടബാധ്യത് ഉണ്ടായിരുന്നതായി അവകാശപ്പെട്ട മാത്യു നൈനാന്‍ വര്‍ഗീസ്‌ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് നേടിയ പണം തന്‍റെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിച്ചു എന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ മതവിശ്വാസത്തെ ചൂഷണം ചെയ്ത് നിഷ്കളങ്കരായ രണ്ട് വ്യക്തികളെ ചൂഷണം ചെയ്ത മാത്യു നൈനാന്‍റെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍ ജോയലിന്‍ പെര്‍ക്ക്സ് ആയിരുന്നു ഡോക്ടര്‍ ദമ്പതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കാനായി സന്ദര്‍ശിക്കുന്ന ധ്യാനകേന്ദ്രങ്ങളും ദേവാലയങ്ങളും തട്ടിപ്പുകള്‍ക്ക് മറ പിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ മലയാളികള്‍ക്കിടയില്‍ പെരുകി വരികയാണ്. ഇത്തരം സ്ഥാപനങ്ങളെയും സംഘടനകളെയും മറയാക്കി തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം സമര്‍ത്ഥമായി മറച്ചു വയ്ക്കുന്ന തട്ടിപ്പുകാര്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.

Also read… 6800 പൗണ്ട് മുങ്ങിയതിനു മറുപടിയില്ല? തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി യുക്മ പ്രസിഡന്റ്; ഒത്തുകളിക്കുന്നത് ആരൊക്കെ? കള്ളക്കളിക്കു സര്‍ക്കാരിനെയും നാറ്റിച്ചെന്ന് പാര്‍ട്ടിയില്‍ പരാതി; വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ നാണക്കേട് ബാക്കിയായി!

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles