ജനീവ: മനുഷ്യന് ഭക്ഷ്യയോഗ്യമായ ജീവികളെ എങ്ങനെ വേണമെങ്കിലും കൊന്ന് തിന്നാം എന്നാഗ്രഹമുണ്ടെങ്കില്‍ പല വിദേശ രാജ്യങ്ങളിലും അത് നടപ്പാകില്ല. അത്തരത്തില്‍ കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ വരെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ വിധി നടപ്പാക്കിത്തുടങ്ങും.

കൊഞ്ചിനെ തിളപ്പിക്കുന്നതിനു മുന്‍പ് ജീവനില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. പാചകം ചെയ്യുന്നതിനു മുന്‍പ് ഷോക്കടിപ്പിച്ചോ തലക്ക് ക്ഷതമേല്‍പ്പിച്ചോ കൊഞ്ചിന്റെ ജീവന്‍ കളഞ്ഞിരിക്കണം. ഉത്തരവിനു ശേഷം കൊഞ്ചിന് വേദന അനുഭവിക്കാന്‍ കഴിയുന്ന ജീവിയാണോ എന്ന തരത്തില്‍ വരെ സജീവ ചര്‍ച്ചകളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നത്.

കട്ടിയുള്ള പുറം തോടുയുള്ള കടല്‍ ജീവികളായ ഞണ്ടുകള്‍ക്ക് വേദനയും ഇലക്ട്രിക്ക് ഷോക്കുകളും അനുഭവവേദ്യമാകുമെന്ന് 2010ല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും പ്രാണികളെപ്പോലെ കൊഞ്ചിനും തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യൂഹമോ ഇല്ലാത്തതിനാല്‍ വേദന അറിയാന്‍ സാധിക്കില്ലെന്ന് ലോബ്സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാഗം പറയുന്നത്.

മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലാവുന്ന അനേകം മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും അവ പാലിച്ചുകൊണ്ട് വേണം മൃഗങ്ങളെ കൊല്ലേണ്ടെതെന്നും മൃഗക്ഷേമ വകുപ്പ് പറയുന്നു. കൊഞ്ചിനെ കൊല്ലുന്ന കാര്യത്തിലും ഇത്തരം ദയാപൂര്‍ണ്ണമായ ഇടപെടല്‍ ആവശ്യമാണെന്നും മൃഗക്ഷേമ വകുപ്പ് കൂട്ടിച്ചേര്‍ത്തു.