സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,

ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.