ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും ചിരിക്കാന്‍ കഴിയുമോ. കഴിയുമെന്നാണ് സിറിയയിലെ ഒരു അച്ഛനും മകളും പറയുന്നത്. ബോംബിംഗും ഷെല്ലിംഗും വെടിയൊച്ചകളുമില്ലാത്ത ദിവസങ്ങള്‍ അപൂര്‍വമായ സിറിയയില്‍ ഇങ്ങനെ വിചിത്രമായ ഒന്ന് സംഭവിക്കുന്നു. ഓരോ തവണ ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കുമ്പോളും യുദ്ധവിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോളും ചിരിക്കാനാണ് അച്ഛന്‍ മകളെ പഠിപ്പിക്കുന്നത്.

“അതെന്താണ്, യുദ്ധവിമാനമാണോ, അതോ ഷെല്ലോ?. അതൊരു ഷെല്ലാണ്. അത് വീഴുമ്പോള്‍ നമ്മള്‍ ഉറക്കെച്ചിരിക്കും. രസമുണ്ടല്ലേ? അതേ രസമുണ്ട്”. റഷ്യയുടെ പിന്തുണയുള്ള പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനെതിരായ പ്രൊപ്പഗാണ്ട വീഡിയോ ആണിത്. സിറിയയിലെ ഇഡ്‌ലിബിലുള്ള ഈ കുടുംബം അസദിന്റെ സേനയുടെ ആക്രമണത്തെ ഇങ്ങനെയാണ് നേരിടുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം വീഡിയോയ്ക്കതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. യുദ്ധം കുട്ടികളുടെ മാനസികാവസ്ഥയെ എത്തരത്തില്‍ സ്വാധീനിക്കുമെന്നത് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.