റോം : സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയെ പേട്രിയാർക്കൽ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാനമായി. ഇതോടെ നിലവിലുള്ള മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ആലഞ്ചേരിയെ സഭയുടെ പാത്രിയാർക്കീസായി ഉയർത്തപ്പെടും. തീരുമാനം ഉടൻ ഉണ്ടാകുമെന്ന്! സഭാ വൃത്തങ്ങൾ അറിയിച്ചു.

ഇതോടെ സീറോ മലബാർ സഭയ്ക്ക് സ്വയംഭരണാവകാശം ലഭിക്കുകയും പാട്രിയാർക്കീസിന് അധികാരങ്ങൾ വർദ്ധിക്കുകയും ചെയ്യും. പുതിയ രൂപതകൾ സ്ഥാപിക്കുന്നതും മെത്രാന്മാരെ നിയമിക്കുന്നതും ഉൾപ്പെടെയുള്ള പാട്രിയാർക്കൽ സഭയുടെ എല്ലാ ദൈനംദിന കാര്യങ്ങളിലും പാട്രിയാർക്കീസിനായിരിക്കും പരമാധികാരം. രണ്ടാം വത്തിക്കാൻ സൂനഹദോസ് പേട്രിയാർക്കൽ സഭകളുടെ സ്വയംഭരണ രീതിക്ക് വ്യക്തമായ രൂപരേഖ നിർമ്മിച്ചിട്ടുണ്ട്. ഇതോടെ മേജർ ആർച്ച് ബിഷപ് പദവി ഇല്ലാതാകും. പ്രഖ്യാപനം മുതൽ ‘സീറോ മലബാർ പേട്രിയാർക്കേറ്റ്’ എന്നായിരുക്കും സഭ അറിയപ്പെടുക. സഭയുടെ അധികാരി ‘പാട്രിയർക്കീസ്’ എന്നും അറിയപ്പെടും.
എ. ഡി. 52 മുതൽ പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ വരുന്നതുവരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ മാത്രമാണുണ്ടായിരുന്നത്.

പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരുടെ വരവോടെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്വയംഭരണ മെത്രാപ്പോലീത്തൻ പദവിയും ഇന്ത്യ മുഴുവനുമുള്ള അധികാര പരിധിയും പ്രായോഗികമായി നഷ്ടപ്പെടുകയും ലത്തീൻ റീത്തിന്റെ അധികാരപരിധിക്കുള്ളിലാവുകയും ചെയതു. 1887ലാണ് ലത്തീൻ റീത്തിൽ നിന്നും മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് മോചനം ലഭിച്ചത്. 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിക്കപ്പെട്ടു. 1992 ഡിസംബർ 16ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സീറോ മലബാർ സഭയ്ക്ക് ആർക്കി എപ്പിസ്‌കോപ്പൽ പദവി നൽകിയതോടെ സഭയ്ക്ക് ഭാഗികമായ സ്വയംഭരണാധികാരം ലഭിച്ചു. പതിനാറാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഏക സഭ സീറോ മലബാർ സഭയായിരുന്നു. ആ സഭയ്ക്ക് ഇന്ത്യ മുഴുവൻ അധികാരവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് സീറോ മലബാർ സഭ ‘ടെറിട്ടോറിയം പ്രോപ്രിയം’ എന്ന് വിളിക്കപ്പെടുന്ന മൂലയിലേക്ക് സഭ ഒതുക്കപ്പെട്ടു. അങ്ങനെ കേരളവും തമിഴ്‌നാട്, കർണാടക, എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളും മാത്രമായി സീറോ മലബാർ സഭയുടെ അധികാരപരിധി പരിമിതപ്പെട്ടു.

1980 ലാണ് സീറോ മലബാർ ഹയരാർക്കി, പേട്രിയാർക്കൽ സഭാഘടനയ്ക്കു വേണ്ടി മാർപ്പാപ്പയോട് ആദ്യമായി അപേക്ഷിച്ചത്. ഈ അപേക്ഷ മാർപ്പാപ്പ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ ചില തത്പരകക്ഷികളുടെ ഇടപെടലുകളുടെ ഫലമായി കാലക്രമേണ പേട്രിയാർക്കൽ സഭാ സംവിധാനത്തിലേയ്ക്ക് പ്രവേശിച്ചാൽ മതി എന്ന് നിർദ്ദേശിക്കുകയായിരുന്നു. എടുത്തുചാട്ടം വേണ്ട എന്നും അതിന്റെ തൊട്ടു താഴെയുള്ള പടിയായ മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്ക് ഉയർത്തുകയുമാണ് ചെയ്തത്. ഈ ഉയർത്തലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കിടെയാണ് സഭയ്ക്ക് പേട്രിയാർക്കൽ പദവിയിലൂടെ പൂർണ്ണ സ്വയംഭരണം ലഭിക്കുന്നത്.

പുരാതന രേഖകളെല്ലാം സംഘടിപ്പിച്ച് എതിർപ്പുകളെയെല്ലാം അതിജീവിച്ച് സീറോ മലബാർ സഭയ്ക്ക് ‘പേട്രിയാർക്കൽ’ സ്വയംഭരണം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുനഃരാരംഭിച്ചത് മാർ ജോർജ്ജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റതിനു ശേഷമാണ്.