ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

പ്രെസ്റ്റണ്‍: പ്രവാസികളില്‍ ആണ് സീറോ മലബാര്‍ സഭയുടെ ഭാവി കുടികൊള്ളുന്നത് എന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന്റെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ കൃതജ്ഞതാ ബലിയില്‍ പ്രധാന കാര്‍മികനായി സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തിരുസഭയുടെ നിലനില്‍പ്പും ഭാവിയും യുവജനങ്ങളില്‍ ആണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അംഗങ്ങളില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയില്‍ പരിശീലനം നല്‍കുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാന്‍ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയിലെ വൈദികര്‍ ഒന്ന് ചേര്‍ന്ന് അര്‍പ്പിച്ച സമൂഹബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആമുഖ സന്ദേശം നല്‍കി, കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളര്‍ച്ചക്കുവേണ്ടി രൂപതാ അംഗങ്ങള്‍ പ്രത്യേകം പ്രാര്‍ഥിക്കണം എന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളില്‍ നിന്നും എത്തിയ വൈദികരുടെയും, അല്മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് മുന്‍പ്, ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ആയും, കഴിഞ്ഞ രണ്ടു വര്‍ഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയും സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന വെരി. റെവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തില്‍ യാത്രയയപ്പു നല്‍കി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദര്‍ശനവും, വിവിധ റീജിയണല്‍ കോഡിനേറ്റേഴ്സ് ആയ വൈദികരുടെ നേതൃത്വത്തില്‍ അല്മായ പ്രതിനിധികളുടെ റീജിയണല്‍ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തില്‍ രൂപതയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും, ചര്‍ച്ചകള്‍ക്കു ശേഷം ഉണ്ടായ നിര്‍ദേശങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഒക്ടോബര്‍ ഇരുപതുമുതല്‍ നവമ്പര്‍ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളില്‍ വച്ച് റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍,നവമ്പര്‍ പത്താം തീയതി ബ്രിസ്റ്റോളില്‍ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവം, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിര്‍മിംഗ് ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന കുട്ടികളുടെ കണ്‍വെന്‍ഷന്‍, മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദര്‍ശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ രൂപതാധ്യക്ഷന്‍ സമ്മേളനത്തില്‍ അറിയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. തോമസ് പാറയടി, വികാരി ജെനറല്‍മാരായ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുര, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റെവ. ഡോ. മാത്യു പിണക്കാട്, റെവ. ഡോ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലാ യുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കര്‍മ്മങ്ങളെ ഭക്തി സാന്ദ്രമാക്കി.