ന്യൂസ് ഡെസ്‌ക്

ബ്രിട്ടണില്‍ ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ അതിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് ചാരിറ്റി കമ്മീഷനില്‍ പ്രസിദ്ധീകരിച്ചു. മറ്റു സഭകള്‍ക്ക് മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണ് എപ്പാര്‍ക്കി കാഴ്ചവയ്ക്കുന്നത്. കൃത്യതയോടെ സുതാര്യമായ രീതിയില്‍ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനം നടത്തണമെന്ന് എപ്പാര്‍ക്കിയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചുകൊണ്ട് 2018 മാര്‍ച്ച് 19 ലെ സര്‍ക്കുലറിലൂടെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചാരിറ്റി കമ്മീഷനില്‍ 1173537 നമ്പരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് നിലവില്‍ നാല് ട്രസ്റ്റിമാരാണുള്ളത്. ബിഷപ്പ് ബെന്നി മാത്യു (മാര്‍ ജോസഫ് സ്രാമ്പിക്കല്‍), റവ. മാത്യു ജേക്കബ്, റവ. സജിമോന്‍ കുരിയാക്കോസ്, റവ. തോമസ് പാറയടിയില്‍ തോമസ് എന്നിവരാണ് ട്രസ്റ്റിമാര്‍. 2018 ജൂണ്‍ 30 വരെയുള്ള സാമ്പത്തിക വിവരങ്ങളാണ് ചാരിറ്റി കമ്മീഷന് സമര്‍പ്പിച്ചത്. ഇതനുസരിച്ച് 839,903 പൗണ്ടാണ് വരുമാനമായി ലഭിച്ചത്. 800 വോളണ്ടിയര്‍മാരും ഒരു സ്റ്റാഫും ഉള്ള ചാരിറ്റിയ്ക്ക് സ്വന്തം ഉപയോഗത്തിനായുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 252,397 പൗണ്ടും മറ്റു സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 414,190 പൗണ്ടും കണക്കാക്കിയിട്ടുണ്ട്.

കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജൂണ്‍ 30, 2018 വരെയുള്ള അക്കൗണ്ട്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 241,849 പൗണ്ട് ചിലവഴിച്ചു. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവുകള്‍ക്ക് ശേഷം 598,414 പൗണ്ട് കൈവശം ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ എപ്പാര്‍ക്കിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്റെ തോതനുസരിച്ച് (ക്യാഷ് ഫ്‌ളോ) എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന രീതിയിലുള്ള റിസ്‌കുകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള റിസോഴ്‌സുകള്‍ എപ്പാര്‍ക്കിയ്ക്കുണ്ട്. എന്നാല്‍ വിവിധ കുര്‍ബാന സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ ക്‌ളെര്‍ജിമാരെ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റു സഭകള്‍ക്കും മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളുമായാണ് എപ്പാര്‍ക്കി മുന്നോട്ട് പോവുന്നത്.