ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെയും പ്രഥമമെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിയ്തനായിതിന്റെയും രണ്ടാം വാര്‍ഷികം ചൊവ്വാഴ്ച്ച(ഒക്ടോബര്‍ 09) പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികരായും ഓരോ വി. കുര്‍ബാന സെന്റ്‌റുകളില്‍ നിന്നുള്ളവര്‍ പ്രതിനിധികളായും ദിവ്യബലിയില്‍ പങ്കുചേരും.

ഉച്ചയ്ക്കുശേഷം വൈദികരുടെയും അല്‍മായ പ്രതിനിധികളുടെയും സംയുക്തസമ്മേളനം നടക്കും. രൂപതയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ആലോചനകളും രൂപതാധ്യക്ഷന്‍ നേതൃത്വത്തില്‍ നടക്കും. 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതല്‍ ശക്തമാക്കാനും സീറോ മലബാര്‍ സഭാ ചൈതന്യം കൂറവുകൂടാതെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്വം പ്രാത്സാഹിപ്പിക്കാനും പരമ്പരാഗത സുറിയാനി ക്രിസ്തീയ കുടുംബ ചൈതന്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ സഹായിക്കുന്നതുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ രൂപത ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു.

രൂപതയ്ക്ക് ശക്തമായ നേതൃത്വം നല്‍കുന്ന അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീര്‍ഘവീക്ഷണങ്ങളും രൂപതയുടെ മുതല്‍ക്കൂട്ടാണ്. വരാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങളും സഭാംഗങ്ങളെ സുവിശേഷ ചൈതന്യത്തില്‍ നിറയ്ക്കുന്നവയാണ്. ദൈവഹിതപ്രകാരം രൂപതയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങളും വരും വര്‍ഷങ്ങളില്‍ ശക്തമായി മുന്നോട്ട്‌പോകാന്‍ ചൊവ്വാഴ്ച്ച നടക്കുന്ന കൃതജ്ഞതാബലിയില്‍ രൂപതാധ്യക്ഷനോടപ്പം ദൈവജനം ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കും.