ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് ആരോപണം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്‌റ്റേ കോടതി നീക്കിയില്ല.

അന്വേഷണം വേണമെന്ന നിലപാടിന് ഒപ്പമാണു സുപ്രീംകോടതിയെന്നും ബെഞ്ച് പറഞ്ഞു. ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. പോലീസിനും കോടതിക്കും ഹര്‍ജിക്കാരനായ ചേര്‍ത്തല സ്വദേഷി ഷൈന്‍ വര്‍ഗീസ് ഒരേ ദിവസം തന്നെയാണ് പരാതി നല്‍കിയതെന്നും ഇത് നിയമ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ പൊലീസിനു സമയം ലഭിക്കുന്നതിനു മുന്‍പുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.